കുന്നംകുളത്ത് പെട്രോൾ പമ്പിൽ മോഷണം മൂന്ന് പേർ അറസ്റ്റിൽ

കുന്നംകുളം മേഖലയിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കൊരട്ടി മാമ്പ്ര സ്വദേശി ചെമ്പട്ടിൽ റിയാദ്,താനൂർ അണ്ടത്തോട് സ്വദേശി തണ്ണിക്കടവൻ ശിഹാബ്,അരീക്കോട് തെരാട്ടുമ്മൽ സ്വദേശി നെല്ലിപ്പാവുങ്കൽ നൗഫാൻ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി രാത്രിയാണ് മോഷണം നടന്നത്.നാലുലക്ഷത്തോളം രൂപയാണ് സംഘം കവർന്നത്.കുന്നംകുളം പട്ടാമ്പി റോഡിലെ സി കെ താവു പെട്രോൾ പമ്പ്, യൂണിറ്റി ആശുപത്രിക്ക് മുൻവശത്തുള്ള മാള ഫ്യൂവൽസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇതിൽ പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിൽ നിന്നാണ് നാലു ലക്ഷത്തോളം രൂപ മോഷണം പോയത്.മാള ഫ്യുവൽസിലെ സിസിടിവി ക്യാമറകൾ മോഷണ സംഘം നശിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു.
