MALAPPURAM

മലപ്പുറത്ത് 15കാരിയെ പീഡിപ്പിച്ച പിതാവിന് 8 വർഷം കഠിനതടവും പിഴയും

മലപ്പുറം: മലപ്പുറത്ത് 15 വയസ് പ്രായമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് എട്ടു വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് സി ആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് പീഡനം നടന്നത്.

വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഷമീർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറായ ആയിഷ പി ജമാൽ ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. അതേ സമയം പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന മറ്റൊരുകേസിൽ തിരൂർ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി.

വടകര തിരുവണ്ണൂർ നമ്പൂടി തറമ്മൽ ഹിഫ്സുൽ റഹ്മാൻ (30)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ ജെ ആർബി തള്ളിയത്. തിരൂർ ബസ് സ്റ്റാൻഡിൽവെച്ച് കണ്ടുമുട്ടിയ പെൺകുട്ടിയോട് താൻ വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച പ്രതി പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. 2022 മെയ് 24ന് രാത്രി ഒരുമണിക്കാണ് കേസിനാസ്പദമായ സംഭവം. വലിയപറമ്പത്തുള്ള ബന്ധു വീട്ടിലെത്തി പ്രതി പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടർന്ന് ജൂൺ 23ന് തിരൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button