100 രൂപ ‘ഹജ്ജ് നോട്ട്’ ലേലത്തില്‍ വിറ്റത് 56 ലക്ഷം രൂപക്ക്
![](https://edappalnews.com/wp-content/uploads/2025/01/e2780493-3133-4b90-94fa-ff760b540256.jpeg)
ഡല്‍ഹി: ലണ്ടനില്‍ നടന്ന ലേലത്തില്‍ ഇന്ത്യൻ നൂറ് രൂപ വിറ്റ് പോയത് 56 ലക്ഷം രൂപക്ക്. 1950-കളില്‍ ഇന്ത്യ പുറത്തിറക്കിയ ‘ഹജ്ജ് നോട്ട്’എന്ന സീരീസില്‍പ്പെടുന്ന നൂറ് രൂപക്കാണ് 56 ലക്ഷം (56,49,650) രൂപ ലഭിച്ചത്.തീർത്ഥാടനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി 20-ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആർ.ബി.ഐ അവതരിപ്പിച്ചതാണ് ഇവ. സാധാരണ ഇന്ത്യൻ കറൻസി ഉപയോഗിച്ച് അനധികൃതമായി സ്വർണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ പ്രധാന ലക്ഷ്യം.
‘HA’ സീരീസിലാണ് നോട്ടുകളുടെ നമ്ബർ ആരംഭിച്ചിരുന്നത്. അന്നത്തെ കാലത്തെ ഇന്ത്യൻ നോട്ടുകള്‍ക്ക് പൊതുവെ ഇല്ലാതിരുന്ന ഒരു പ്രത്യേക നിറമായിരുന്നു ഹജ്ജ് നോട്ടിന് നല്‍കിയിരുന്നത്. 1961-ല്‍ കുവൈത്ത് സ്വന്തം കറൻസി അവതരിപ്പിച്ചതിന് പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും അവരുടെ കറൻസികള്‍ അവതരിപ്പിച്ചു. ഇതോടെ ഈ നോട്ടുകളുടെ ആവശ്യം ക്രമേണ കുറഞ്ഞു. 1970-കളോടെ ഹജ്ജ് നോട്ടുകള്‍ വിതരണം ചെയ്യുന്നത് പൂർണ്ണമായും നിർത്തലാക്കി.
ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയില്‍ ഇതുപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. സൗദി അറേബ്യയില്‍ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. ഇന്ന് ഈ നോട്ടുകള്‍ കണ്ടുകിട്ടാൻ പോലും പ്രയാസമായ സാഹചര്യത്തിലാണ് ഇതിന്റെ മൂല്യം വർധിക്കുന്നത്. നിലവില്‍ കറൻസികള്‍ ശേഖരിക്കുന്നവരുടെ കൈയില്‍ അപൂർവമായാണ് ഈ നോട്ട് കാണാൻ കഴിയുക.
വലിയ വില നല്‍കിയാല്‍ മാത്രം സ്വന്തമാക്കാവുന്ന ഈ നോട്ടുകള്‍ ആരാണ് വാങ്ങിയതെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ലണ്ടനില്‍ നടന്ന മറ്റൊരു ലേലത്തില്‍ രണ്ട് 10 രൂപാ നോട്ടുകള്‍ക്ക് 6.90 ലക്ഷം രൂപ, 5.80 ലക്ഷം രൂപ എന്നിങ്ങനെ ലഭിച്ചിരുന്നു. നോട്ടുകളുടെ കാലപ്പഴക്കവും വിരളതയുമാണ് അവയുടെ മൂല്യം വർധിപ്പിക്കുന്നത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)