ഹൈലാൻഡേഴ്സിനെ വീഴ്ത്തി എടികെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്
രണ്ടാം പകുതിയിലാണ് ഗോളുകള്‍ രണ്ടും പിറന്നത്

ഹൈലാൻഡേഴ്സിനെ വീഴ്ത്തി എടികെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി എടികെ മോഹൻ ബഗാൻ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊൽക്കത്തൻ വമ്പന്മാർ പരാജയപ്പെടുത്തിയത്. നായകൻ റോയ് കൃഷ്ണയുടെയും യുണൈറ്റഡ് താരം ബെഞ്ചമിന്റെ ഓൺഗോളുമാണ് എടികെ മോഹൻ ബഗാന് വിജയമൊരുക്കിയത്.
രണ്ടാം പകുതിയിലാണ് ഗോളുകള്‍ രണ്ടും പിറന്നത്. മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച എടികെ മോഹൻ ബഗാന് എന്നാൽ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ സാധിച്ചില്ല. നോർത്ത് ഈസ്റ്റിന്റെ പ്രതിരോധമാണ് പലപ്പോഴും അപകടം ഒഴിവാക്കിയത്.
എന്നാൽ രണ്ടാം പകുതിയിൽ അക്രമണത്തിന്റെ മൂർച്ച കൂട്ടിയ എടികെ മോഹൻ ബഗാൻ ഹൈലാൻഡേഴ്സിന്റെ ഗോൾമുഖത്ത് നിലയുറപ്പിച്ചു. കോർണറുകളായും ത്രോകളായും നിരവധി അവസരങ്ങളൊരുക്കിയ കൊൽക്കത്ത നായകൻ റോയ് കൃഷ്ണയിലൂടെ മുന്നിലെത്തി. അതും കോർണറിലൂടെ.
കോർണറിൽ നിന്ന് ഗാര്‍സിയ നല്‍കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് മറിച്ച് നല്‍കുകയായിരുന്നു. കുത്തി ഉയര്‍ന്ന പന്ത് ഹെഡറിലൂടെ കൃഷ്ണ വലയിലെത്തിച്ചു. 58-ാം മിനിറ്റില്‍ വീണ്ടുമൊരു കോര്‍ണറില്‍ നിന്നായിരുന്നു എ.ടി.കെയുടെ രണ്ടാം ഗോള്‍ പിറന്നത്. എഡു ഗാര്‍സിയയെടുത്ത കോര്‍ണറില്‍ നിന്ന് ഗോള്‍ നേടാനുള്ള ജന്ദേശ് ജിംഗാന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. ജിംഗനെ ടാക്കിള്‍ ചെയ്യാനെത്തിയ നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
