ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി; റെയിൽവേ സ്റ്റേഷനിൽ വെളിച്ചമായി


കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനു മുൻപിൽ ഒരു പതിറ്റാണ്ടിലേറേക്കാലമായി തെളിയാതെ കിടന്ന ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനക്ഷമമായി. റെയിൽവേയുടെ ഇലക്ട്രിക്കൽ വിഭാഗമാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തനക്ഷമമാക്കിയത്.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഈ ഹൈമാസ്റ്റ് ലൈറ്റ്. സമീപത്തെ മാവ് രണ്ടാഴ്ചകൾക്ക് മുൻപ് മുറിച്ചുമാറ്റിയതോടെയാണ് ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ അവസരം ഒരുങ്ങിയത്. മുറിച്ചുമാറ്റിയ മാവിനു മുകളിൽ നൂറോളം എരണ്ടകൾ വർഷങ്ങളായി താമസിച്ചുവരികയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം എരണ്ടകളുടെ താമസത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വാദം നിരത്തി ചിലർ രംഗത്തിറങ്ങിയതോടെയാണ് ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാതിരുന്നത്.
രാത്രിയിൽ റെയിൽവേ സ്റ്റേഷനു മുൻപിലെ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗങ്ങളിൽ വെളിച്ചം വളരെ കുറവാണ്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. മാവിനു മുകളിൽ താമസിക്കുന്ന എരണ്ടകൾ കാഷ്ടിക്കുന്നത് പരിസരത്ത് വ്യാപകമായി പരക്കുന്നതും അതിന്റെ ദുർഗന്ധവും യാത്രക്കാർക്കും പരിസരത്തുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. മാവിൻചുവട്ടിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ മേൽ കാഷ്ടം പതിക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യങ്ങളിലാണ് റെയിൽവേ അധികൃതർ മാവ് മുറിച്ചുമാറ്റിയത്.
