എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം തൃശൂർ റോഡിലെ തർക്കഭൂമിയിൽ അളവെടുപ്പ് നടക്കും

എടപ്പാൾ: ചൊവ്വാഴ്ച രാത്രി ഒമ്പത് മുതൽ എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം. തൃശൂർനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന റോഡാണ് അടച്ചിടുന്നത്. ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിയന്ത്രണം. അടുത്ത ദിവസങ്ങളിൽ ഭാഗികമായും നിയന്ത്രണം ഉണ്ടായിരിക്കും. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിലവിലെ കാനകൾ പൊളിച്ച് നീക്കിയാകും വീതി കൂട്ടുന്ന പ്രവൃത്തികൾ നടക്കുക. അതേസമയം പെട്രോൾ പമ്പിന് സമീപത്തെ സ്ഥലത്ത് ഇൻറർലോക്ക് വിരിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. റോഡിനോട് ചേർന്ന തൃശൂർ റോഡിലെ സ്ഥലത്ത് ഇൻറർലോക്ക് വിരിക്കുന്ന പ്രവൃത്തികൾ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർത്തിവെച്ചിരുന്നു. സംസ്ഥാന പാത നവീകരണത്തിൻെറ ഭാഗമായി റോഡിനും പമ്പിനും ഇടയിലുള്ള ഈ സ്ഥലം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടർന്ന് റവന്യു അധികൃതർ ഈ സ്ഥലം പൊതു ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ മാറ്റിയിടുകയായിരുന്നു. എന്നാൽ, നിലവിലെ തർക്കത്തിൻെറ സാഹചര്യത്തിൽ വീണ്ടും അളന്ന് തിട്ടപ്പെടുത്തി ഇൻറർലോക്ക് വിരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ 31ന് കെ.ടി. ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ ചർച്ച ചെയ്യും. ഓട്ടോ, ടാക്സി പാർക്കിങ്ങുകൾ സംബന്ധിച്ചും യോഗത്തിൽ തീരുമാനിക്കും.
