MALAPPURAM
ഹജ്ജ് ഹൗസ് വനിതാ ബ്ലോക്ക് കെട്ടിടം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
![](https://edappalnews.com/wp-content/uploads/2023/06/990d254b-6511-4a4d-b5f1-2a0810ca8254.jpg)
![](https://edappalnews.com/wp-content/uploads/2023/05/IMG-20230408-WA0000-7-1024x1024.jpg)
ഏറ്റവും കൂടുതൽ തീർഥാടകരുള്ള മലബാർ മേഖലയിൽ അറുപത് ശതമാനത്തോളം വരുന്ന വനിതാ തീർത്ഥാടകർക്ക് സുഖമമായ യാത്ര ഒരുക്കുന്നതിനായി 8.20 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 31094 സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി നിർമിച്ച വനിതാ ബ്ലോക്കിൽ ശാരീരിക പ്രയാസം നേരിടുന്നവർക്കും രോഗികൾക്കും പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എ.സി. നോൺ എ.സി ഡോർമറ്ററികളും, നിസ്ക്കാര മുറികളും, റിസപ്ഷൻ, കഫറ്റേരിയ, ടോയ്ലറ്റ് എന്നിവയും മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 500 പേർക്ക് ഒരേ സമയം ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ബേസ്മെന്റ് ഫ്ലോറിൽ പാർക്കിംഗ് സംവിധാനവും അവിടെ നിന്ന് ലിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2019-ലെ ഹജ്ജ് ക്യാമ്പിലാണ് പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തിയത്. കോവിഡിനുശേഷം 2022-ൽ ഹജ്ജ് തീർത്ഥാടനം പുനരാരംഭിച്ചപ്പോൾ വനിതാ ബ്ലോക്ക് പ്രവർത്തനത്തിന് സജ്ജമായിരുന്നുവെങ്കിലും കോഴിക്കോട് എയർപോർട്ട് എംബാർക്കേഷൻ സ്റ്റേഷനായി തിരഞ്ഞെടുക്കാത്തതിനാൽ പ്രവർത്തനം നടത്താൻ സാധിച്ചില്ല.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്ത് നടത്തിയത്.
ടി.വി ഇബ്രാഹീം എം.എൽ. എ ചടങ്ങിൽ അധ്യക്ഷനായി. പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ , എം പിമാരായ ഡോ.എം പി അബ്ദുൾ സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീർ, എം എൽ എ മാരായ പി ടി.എ റഹീം, പി.മുഹമ്മദ് മുഹ്സിൻ, ഹജ്ജ് കമ്മി ചെയർമാൻ മുഹമ്മദ് ഫൈസി, ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)