സ്വർണ്ണം കുതിപ്പ് തുടരുന്നു; ഇന്ന് പവന്ന് ₹160 കൂടി

കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതില്‍ വില കൂടിയിരുന്നു എങ്കില്‍ ഇന്ന് നേരിയ വര്‍ധനവാണ്. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ സ്വര്‍ണവില കുറയാന്‍ പര്യാപ്തമല്ല എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇനിയും വില കൂടാന്‍ തന്നെയാണ് സാധ്യത. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9725 രൂപയിലെത്തി. പവന് 160 രൂപ കൂടി 77800 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7985 രൂപ, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6215 രൂപ, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4010 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 131 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളി.
കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില ചരിത്ര നിരക്കിലാണ്. രാജ്യാന്തര സ്വര്‍ണ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3490 ഡോളറായിട്ടുണ്ട്. വൈകാതെ 3500 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില 78500 രൂപയിലെത്തും. ഡോളര്‍ മൂല്യം കുറഞ്ഞിരിക്കുന്നതും രൂപയുടെ മൂല്യം തിരിച്ചുകയറാത്തതുമാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.
