കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ. പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വർണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവൻ വില. ഈ വില ഞായറാഴ്ചയും തുടർന്നു. എന്നാൽ, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബർ 10ന് രേഖപ്പെടുത്തി.
പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വവും സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുണ്ടായ വർധിച്ച സ്വീകാര്യതയാണ് വില ഉയരാൻ കാരണം. അതേസമയം, വില കുതിച്ച് കയറിയതോടെ പഴയ സ്വർണം വിറ്റഴിക്കാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതൽ. അതേസമയം, വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ വിൽപന വൈകിപ്പിക്കുന്നവരുമുണ്ട്.