KERALA

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിത സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി. കൊച്ചി എന്‍.ഐ.എ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്നും അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഹാജരാകാനിരിക്കെയാണ് അഭിഭാഷകന്‍ പിന്‍മാറുന്നത് എന്നും ശ്രദ്ധേയമാണ്.
അഭിഭാഷകന്‍ പിന്മാറിയ സാഹചര്യത്തില്‍ എന്‍.ഐ.എ റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും, വിദേശ കറന്‍സികളുമടക്കമുള്ള രേഖകള്‍ വിട്ട് തരണമെന്ന സ്വപ്നയുടെ ഹരജി കൊച്ചി എന്‍.ഐ.എ കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

തനിക്ക് നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും ഇപ്പോള്‍ അത് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. ശിവശങ്കര്‍ പറഞ്ഞിട്ടാണ് താന്‍ രാജിവെച്ചതെന്നും സ്വപ്ന വ്യക്തമാക്കി.
ശിവശങ്കര്‍ ഏഴെട്ടുമാസം ജയിലില്‍ കിടന്നെങ്കില്‍ താന്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. താനും ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അത് ശിവശങ്കറിന്റെ പുസ്തകത്തെക്കാള്‍ വലിയ രീതിയില്‍ വിറ്റുപോകുന്ന കോപ്പിയാകുമെന്നും അവര്‍ പറഞ്ഞു.
ഒരു ഫോണ്‍ കോള്‍ കൊണ്ടാണ് എന്റെ നിയമനം നടന്നത്. സത്യത്തില്‍ അതിന് അദ്ദേഹത്തോട് എനിക്ക് വലിയ നന്ദിയുണ്ട്.

തന്നെ കണ്ടാല്‍ അറിയില്ലെന്ന് പറയുന്ന വ്യക്തിക്ക് താന്‍ എന്ത് വിശദീകരണമാണ് ഇപ്പോള്‍ നല്‍കേണ്ടതെന്നും അവര്‍ ചോദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button