സ്വര്‍ണ വിലയിൽ വന്‍ കുതിപ്പ്; ഇന്ന് പവന് ₹ 1120 കൂടി

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രകടമായത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 60 ഡോളര്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയിലധികം വര്‍ധിച്ചു. ഇന്ത്യന്‍ രൂപ മൂക്കുകുത്തി വീണതാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പ്രധാന കാരണം.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 9290 രൂപയായി. പവന് 1120 രൂപ കൂടി 74320 രൂപയിലെത്തി. സമീപകാലത്ത് ഇത്രയും ഉയര്‍ച്ച ഒരു ദിവസമുണ്ടാകുന്നത് ആദ്യമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 7620 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 5935 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3825 രൂപയും. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 120 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3362 ഡോളറാണ് പുതിയ വില.
ഡോളര്‍ സൂചിക 98.69 എന്ന നിരക്കിലാണുള്ളത്. വലിയ കുതിപ്പ് നടത്തുമെന്ന സൂചന നല്‍കിയ ഡോളര്‍ അല്‍പ്പം ഇടിയുകയാണ് ചെയ്തിട്ടുള്ളത്. ക്രൂഡ് ഓയില്‍ വിലയും താഴ്ന്നു. കഴിഞ്ഞ ദിവസം 73 ഡോളര്‍ വരെ എത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്ന് 70 ഡോളറിലാണുള്ളത്. ഇത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. കാരണം, ഇന്ത്യ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാണ്.
ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 വരെ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണെങ്കില്‍ പണിക്കൂലി ഉയരുകയും വില വര്‍ധിക്കുകയും ചെയ്യും. ആഭരണം മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് 18, 14, 9 കാരറ്റിലെ സ്വര്‍ണമാണ് നല്ലത്. വ്യത്യസ്ത മോഡല്‍ ആഭരണങ്ങള്‍ ഈ കാരറ്റുകളില്‍ വിപണിയില്‍ ലഭ്യമാണ്.
