സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ സ്വര്‍ണവില, ഒറ്റയടിക്ക് കൂടിയത് 840 രൂപ.
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചു. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 62000 കടന്ന് മുന്നേറി. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയ ശേഷം അല്‍പ്പം താഴുകയും പിന്നീട് കയറുകയുമായിരുന്നു.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 7810 രൂപയിലെത്തി. അപൂര്‍വമായേ ഇത്രയും വര്‍ധനവ് ഒരു ദിവസം സ്വര്‍ണവിലയില്‍ രേഖപ്പെടുത്താറുള്ളൂ. കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായിരുന്നു എങ്കില്‍ ഇന്ന് ആശങ്കയായി മാറി.
അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 68000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണ് ഈ വിലയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി ഇനിയും കൂടും.
ഡോളര്‍ സൂചിക 108ലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപ 87 എന്ന നിരക്കിലേക്ക് എത്തി.