സ്വന്തം വിയർപ്പുകൊണ്ട് പഠിക്കാനുള്ള പണം കണ്ടെത്തുന്നവരുടെ കഥ; അവർക്കു തോന്നി സഞ്ചി വിറ്റാലോ…
തേഞ്ഞിപ്പലം∙ അഭിജിത്തും ആൽബർട്ടും തിരുവനന്തപുരത്തുനിന്ന് ട്രെയിൻ കയറിയത് കയ്യിൽ കുറച്ച് ബാഗുകളുമായിട്ടായിരുന്നു. കാലിക്കറ്റ് ക്യാംപസിലെ ഒന്നാം വേദിക്കു സമീപമുള്ള ആൽമരച്ചുവട്ടിൽ ചെറിയൊരു ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ഈ ബാഗുകൾ പ്രദർശിപ്പിച്ചു. കാര്യവട്ടം ക്യാംപസിലെ പിജി പൊളിറ്റിക്സ് വിദ്യാർഥിയായ കെ.കെ.അഭിജിത്തും പിജി ഹിന്ദി വിദ്യാർഥിയായ ആൽബർട്ട് അലോഷിയുമാണ് ഈ ബാഗ് കച്ചവടക്കാർ.ആലപ്പുഴ സ്വദേശിയായ അഭിജിത്തും എറണാകുളം സ്വദേശിയായ ആൽബർട്ടും കാര്യവട്ടത്തെ ഹോസ്റ്റൽ ജീവിതത്തിനിടെയാണ് സുഹൃത്തുക്കളായത്. പല നിറത്തിലും സ്റ്റൈലിലുമുള്ള ഇക്കോ ഫ്രൻഡ്‌ലി സഞ്ചികളുടെ വിൽപന കലോത്സവ നഗരിയിൽ പൊടിപ്പൊടിക്കുകയാണ്. സഞ്ചി, ലെതർ, തുണി, ചണ ബാഗുകളും വിവിധ തരം ഡയറികളും വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്.
കാര്യവട്ടം ക്യാംപസിൽ നടന്ന റിസർച് ഫെസ്റ്റിൽ സഞ്ചി ബാഗുകളുടെ സ്റ്റാൾ കണ്ടപ്പോഴാണ് ഇവരുടെ മനസ്സിൽ ബാഗ് വിൽപനയെന്ന ആശയം ഉദിച്ചത്. ആദ്യം തിരുവനന്തപുരത്തെ വിവിധ പരിപാടികൾക്ക് സ്റ്റാൾ ഒരുക്കി. പഠനത്തിനൊപ്പമുള്ള ചെലവുകൾ സ്വയം കണ്ടെത്തുന്നതിന് ബാഗ് വിൽപന സഹായിക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു.