‘സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല, ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങള്‍’; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തില്‍ പൊലീസില്‍ പരാതി. മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പിഡിപിയാണ് പരാതി നല്‍കിയത്.പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റാണ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയത്.
മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയില്‍ നടന്ന കണ്‍വെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. സംഘപരിവാർ നേരത്തെ ഉയർത്തിയ വാദങ്ങള്‍ ഏറ്റുപിടിക്കുന്നതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങള്‍.
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
