TRENDING

സ്റ്റാര്‍ലിങ്ക് വഴി യുക്രൈനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്‌ക്

യുക്രൈന്റെ പ്രധാന ഭാഗങ്ങളിലെല്ലാം റഷ്യന്‍ സൈന്യം അധിനിവേശത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായങ്ങള്‍ ഉറപ്പുനല്‍കി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. തന്റെ സംരഭമായ സ്റ്റാര്‍ലിങ്ക് വഴി യുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് മസ്‌ക് വാക്ക് നല്‍കിയിരിക്കുന്നത്. യുക്രൈനിലെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിഗാട്രാന്‍സിലേക്കുള്ള കണക്ടിവിറ്റി സാധാരണ വേഗതയില്‍ നിന്നും 20 ശതമാനത്തിലധികം താഴ്ന്ന അവസ്ഥയിലാണ് യുക്രൈനിലേക്ക് മസ്‌കിന്റെ സാഹയമെത്തുന്നത്. യുദ്ധഭീതിയില്‍ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വലയുന്ന സാധാരണക്കാര്‍ക്കുള്‍പ്പെടെ മസ്‌കിന്റെ പ്രഖ്യാപനം ആശ്വാസമാകുന്നുണ്ട്.

രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കാന്‍ സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ സഹായം ഇന്നലെ യുക്രൈന്‍ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വാഗ്ദാനവുമായി മസ്‌ക് രംഗത്തെത്തിയത്. സ്‌പേസ് എക്‌സിന്റെ സാറ്റ്‌ലെറ്റ് ഇന്റര്‍നെറ്റ് ഡിവിഷനായ സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാനാകുമോ എന്ന സാധ്യതയാണ് യുക്രൈന്‍ തേടിയത്. റഷ്യയുടെ നീക്കങ്ങള്‍ക്കതെിരായി തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് മസ്‌കിനോട് യുക്രൈന്റെ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെടുകയായിരുന്നു.

ഭൂമിയുടെ ഏതൊരു കോണിലും സാറ്റ്‌ലൈറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന അവകാശത്തോടെയാണ് സ്റ്റാര്‍ലിങ്ക് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സൈബര്‍ പോരാളികളെ ഉള്‍പ്പെടെ നേരിടുന്നതിനായി മസ്‌ക് ഒപ്പം നില്‍ക്കണമെന്നാണ് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ചൊവ്വയെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ റഷ്യ ഭൂമിയില്‍ ഞങ്ങളുടെ രാജ്യം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്ന് മൈഖൈലോ ഫെഡോറോവ് ചൂണ്ടിക്കാട്ടി. യുക്രൈനെ റഷ്യന്‍ റോക്കറ്റുകള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button