സ്ത്രീധനത്തിനെതിരെ പൊതു സമൂഹത്തിൻ്റെ ഇടപെടൽ ശക്തമാക്കണം; ഡോ.അനിൽ വളളത്തോൾ


ചങ്ങരംകുളം: സ്ത്രീധന സമ്പ്രദായം തെറ്റാണന്ന് അറിയാവുന്നവർ പോലും സ്ത്രീധനത്തിന് അടിമപ്പെടുകയും, വിദ്യാസമ്പന്നർക്കിടയിലും ഈ ദുരാചാരം നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ പൊതു സമൂഹത്തിന്റെ ഇടപെടൽ ശക്തമാക്കണമെന്ന് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വളളത്തോൾ പറഞ്ഞു.
സ്ത്രീധനം നൽകിയുള്ള വിവാഹങ്ങൾക്ക് സന്നദ്ധമല്ലെന്ന് പെൺകുട്ടികൾ പരസ്യമായി പ്രഖ്യാപിക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ, വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ “സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക ” എന്ന സന്ദേശവുമായി ആരംഭിക്കുന്ന കാമ്പസ് തല കാംപയിൻ വളയംകുളം അസ്സബാഹ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന വിരുദ്ധ ദിനത്തിൽ നടന്ന ചടങ്ങിൽ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.
ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ മുഖ്യാതിഥിയായിരുന്നു.
കെ വി നദീർ സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി. ആയിഷ ഹസ്സൻ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കുഞ്ഞി മുഹമ്മദ് പന്താവൂർ,അഷ്റഫ് നെയ്തല്ലൂർ, കെ യു പ്രവീൺ, ഷാജിത വി, മുഹമ്മദ് ഷിബിൽ തുടങ്ങിയവർ സംസാരിച്ചു.
ഡോ: ബൈജു എം കെ സ്വാഗതവും, രാജേഷ് കണ്ണൻ നന്ദിയും പറഞ്ഞു.
