സോപാനം വാദ്യോത്സവത്തിന് പ്രൗഡഗംഭീര തുടക്കം
കുറ്റിപ്പുറം: നിളയുടെ ഓളപ്പരപ്പിൽ ചെണ്ടയിൽ സുവർണ താളമിട്ട് തായമ്പക കുലപതി മട്ടന്നൂർ ശങ്കരൻകുട്ടിമാരാരൊരുക്കിയ പാണ്ടിമേളത്തിന്റെ പ്രചണ്ഡ താളത്തോടെ സോപാനം വാദ്യോത്സവത്തിന് മിനിപമ്പയിൽ പ്രൗഡഗംഭീര തുടക്കം.
കേരളത്തിന്റെ തനതുസംസ്‌കാരമുറങ്ങുന്ന കലാരൂപങ്ങളെ ആസ്വാദക സമക്ഷമവതരിപ്പിക്കകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം നടത്തുന്ന മൂന്നു ദിവസം നീളുന്ന വാദ്യോത്സവം അൻപതിൽപരം കലാകാരൻമാരോടൊപ്പം മേളപ്പെരുക്കം തീർത്ത ക്ഷീണമകലും മുൻപ് മട്ടന്നൂരാശാൻ തന്നെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപി നസീറ അധ്യക്ഷയായി.
ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, രാജ്യസഭ മുൻ അംഗം സി.ഹരിദാസ്, ഡി.ടി.പി.സി.സെക്രട്ടറി പി.വിപിൻചന്ദ്ര, ഇളയേടത്ത് മാധവനവൻ കുട്ടിമേനോൻ, സോപാനം പ്രിൻസിപ്പൽ സന്തോഷ് ആലങ്കോട്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, അഡ്വ.കെ.ടി.അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഴയകാലത്ത് ഗ്രാമീണ ഭവനങ്ങളിൽ കുട്ടികളുടെ നാവോറു പാടിയും മറ്റും നാട്ടിൻപുറത്തിന്റെ വാനമ്പാടികളായറിയപ്പെട്ടിരുന്ന പുള്ളുവൻപടിയിലെ പരമ്പരാഗത കലാകാരൻ വാസുവും മകൾ ജയയും പുള്ളുവക്കുടവും വീണയും മീട്ടി ആലപിച്ച മാധുര്യമൂറുന്ന പുള്ളുവൻപാട്ടായിരുന്നു വാദ്യോത്സവത്തിന്റെ ആദ്യദിനത്തിൽ വേദിയെ ഉണർത്തിയത്. തുടർന്ന് ക്ഷേത്രാചാരങ്ങളിൽ ഏറെ പ്രാധാന്യമുള്ള കുഴൽപറ്റാണ് നടന്നത്. ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിൽ ഇടയ്ക്കകൊട്ടി പ്രദക്ഷിണത്തോടൊപ്പം വായിക്കുന്ന ചിട്ടപ്രദാനമായ ഈ കലാരൂപം പനമണ്ണ മനോഹരൻ, പനമണ്ണ മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആസ്വാദകരെ ആനന്ദിപ്പിക്കും വണ്ണമവതരിപ്പിച്ചു.
റിസോനൻസ് ബാൻഡ് ഓഫ് മ്യൂസിക്ക് അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്കും ആസ്വാദകർക്ക് ഏറെ ഹൃദ്യമായി. ആലങ്കോട് ശ്രീക്കുട്ടൻ വയലിൻ, ഷാജു കുന്നംകുളം പുല്ലാങ്കുഴൽ, ലെവിൻ മാറഞ്ചേരി കീ ബോർഡ്, സുരഷ് പട്ടാമ്പി റിഥം പാഡ് എന്നിവ വായിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് കരിയന്നൂർ നാരായണൻ നമ്പൂതിരി നയിക്കുന്ന സെമിനാർ, സാസ്‌കാരികസഭ, ഇടയ്ക്ക സമന്വയം, ഇരട്ട തിമില തായമ്പക, ലയവിന്യാസം എന്നിവ നടക്കും