Local newsVELIYAMKODE

സുനാമി മോക്ക് ഡ്രിൽ: ടേബിൾ ടോപ് എക്സർസൈസ് നടത്തി

വെളിയംകോട്: സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനുവരി എട്ടിനു സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിൾ ടോപ് എക്സർസൈസ് വെളിയംകോട് അൽതമാം കൺവെൻഷൻ സെന്ററിൽ നടന്നു. തീരദേശവാസികളെ സുനാമിയെ നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ ‘സുനാമി റെഡി പ്രോഗ്രാ’മിന്റെ മൂന്നാം ഘട്ടമാണ് മോക്ക് ഡ്രിൽ. 

ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, തുടങ്ങിയ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട്, താലൂക്ക് തല ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ‘സീറോ റിസ്ക് ‘ മോക്ക് ഡ്രിൽ നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. എസ്. സരിൻ പറഞ്ഞു. 

എട്ടാം തിയതി രാവിലെ 9.45 ന് വെളിയംകോട് പഞ്ചായത്തിലെ 17-ാം വാർഡിലാണ് മോക് ഡ്രിൽ നടക്കുക. ഫാത്തിമ മിനി ഹാളാണ് അസംബ്ലി പോയിന്റ്. ഇൻസിഡന്റ് കമാൻഡ്മെന്റ് സംവിധാനം ഫിഷറീസ് എൽ. പി. സ്കൂളിൽ സജ്ജമാക്കും. 

യോഗത്തിൽ വെളിയംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംസു കല്ലാട്ടേൽ, വൈസ് പ്രസിഡന്റ്‌ ഫൗസിയ വടക്കേപുറത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. എസ്. സരിൻ, പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസർ, ഡെപ്യൂട്ടി തഹസിൽദാർ എ. കെ. പ്രവീൺ, താനൂർ, തിരൂർ, പൊന്നാനി ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, പോലിസ് ഉദ്യോഗസ്ഥർ, ഹസാർഡ് അനലിസ്റ്റ് ടി. എസ്.ആദിത്യ, ആരോഗ്യം, കോസ്റ്റ് ഗാർഡ്, സിവിൽ ഡിഫെൻസ്, ഫിഷറീസ്, പി.ആർ.ഡി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശക്തമായ തീരശോഷണം നേരിടുന്നതിനാലാണ് വെളിയങ്കോട് തീരമേഖലയെ ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button