ഹരിതം 2025′ കിസാൻമേള സമാപിച്ചു
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളിൽ നടന്നു വന്ന ‘ഹരിതം 2025’ കിസാൻ മേള സമാപിച്ചു. സമാപന സമ്മേളനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹനാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീർ, സുലൈഖ, ഒതുക്കുങ്ങൽ പഞ്ചായത്തംഗം ഹസ്സൻകുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം ഡി പ്രീത, ആനക്കയം കൃഷി ഓഫീസർ സമീർ മുഹമ്മദ്, കോട്ടക്കൽ കൃഷി അസിസ്റ്റന്റ് സോജീഷ്, ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥർ, കർഷകർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ആയിരത്തിലധികം പേർ മേള സന്ദർശിച്ചു. രണ്ടു ലക്ഷം രൂപക്ക് മുകളിൽ വില്പന നടന്നു. നൂറോളം പുതിയ യന്ത്രങ്ങൾക്കുള്ള രജിസ്ട്രേഷനും നടന്നു. കൃഷിയുടെ വിവിധ മേഖലയുമായി ബന്ധപ്പെട്ട കാർഷിക സെമിനാറുകളിൽ മുന്നൂറോളം കർഷകർ പങ്കെടുത്തു.