Local newsMALAPPURAM

സിൽക് പാലം കടവിൽ വിഷം കലക്കി പുല്ലിപ്പുഴയിൽ നൂറുക്കണക്കിന് മത്സ്യങ്ങൾ ‌ചത്തുപൊങ്ങി

തേഞ്ഞിപ്പലം : പുല്ലിപ്പുഴയിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ അതിരിടുന്ന സിൽക് പാലം കടവിൽ ഇരുട്ടിന്റെ മറവിൽ വിഷം കലക്കിയതിനെ തുടർന്ന് നൂറുക്കണക്കിന് മത്സ്യങ്ങൾ ചത്തു പൊങ്ങി. മീൻ പിടിക്കാനായി ആരോ നഞ്ച് കലക്കിയെന്നാണ് പരാതി. ഇടക്കിടെ പുഴയിൽ വിഷം കലക്കിയുള്ള മീൻ പിടിത്തം പതിവെന്ന പരാതിയെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം തുടങ്ങി. ചേലേമ്പ്ര പഞ്ചായത്ത് അധികൃതരും സംഭവം ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സ്ഥലത്തെത്തി.

പുഴയിലെ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് കലക്കിയ വിഷാംശം എന്തെന്നും അത് മീനിന്റെയും മനുഷ്യരുടെയും അകത്ത് ചെന്നാലുള്ള വിപത്ത് എന്തെന്നും കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കും പഞ്ചായത്ത് തീരുമാനുമുണ്ട്. പുഴയുടെ അടിത്തട്ടിൽ ചെളിമണ്ണിൽ ജീവിക്കുന്ന മഞ്ഞിലുകൾ പോലും ഇന്നലെ പുഴയിൽ വെള്ളത്തിന് മീതെയെത്തി പിടഞ്ഞ ശേഷം ചത്ത് വീഴുന്ന ദയനീയ കാഴ്ചയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

കരിമീൻ, ചെമ്പല്ലി, പൂട്ട, പ്രാച്ചി, മാലാൻ, കടുങ്ങാലി, ചെമ്മീ‍ൻ തുടങ്ങിയ മത്സ്യങ്ങൾ വരെ ചത്ത് വെള്ളത്തിന് മീതെ ഒഴുകുകയായിരുന്നു. നഞ്ച് കലക്കുന്നതോടെ മത്സ്യങ്ങൾ മയങ്ങി ജലപ്പരപ്പിൽ എത്തുമെന്നതിനാലാണ് ചിലർ മീൻ പിടിത്തത്തിന് കുറുക്കുവഴി തേടുന്നത്. മയങ്ങുന്ന മീനുകളെ കോരുവല വിനിയോഗിച്ച് അതിവേഗം കോരിയെടുക്കാം. കുറഞ്ഞ സമയത്തിനകം വൻതോതിൽ മീൻ ലഭിക്കും. പുഴ മത്സ്യത്തിന് മാർക്കറ്റിൽ വലിയ വിലയുള്ളതിനാൽ നഞ്ച് കലക്കി വൻതോതിൽ മീൻ ശേഖരിച്ച് പണം സമ്പാദിക്കുന്നവർ പ്രദേശത്ത് ഇടയ്ക്കിടെ എത്തുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. നിയമവിരുദ്ധമായ മീൻ പിടിത്തത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.രണ്ടാഴ്ച മുൻപും ഇന്നലെയും പ്രശ്നം പൊലീസിൽ ധരിപ്പിച്ചതായി ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, സെക്രട്ടറി ആയിഷ റഹ്ഫത്ത് കോയ, തേഞ്ഞിപ്പലം എസ്ഐ ഉണ്ണിക്കൃഷ്ണൻ മാരാത്ത് തുടങ്ങിയവർ സിൽക് പാലം കടവിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button