PONNANI

മലിനജലത്താൽ പൊറുതിമുട്ടി; പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റിൽനിന്ന് മൂന്ന് കുടുംബങ്ങൾ വീടൊഴിഞ്ഞു

പൊന്നാനി : മലിനജലപ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിനിടെ മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റിൽനിന്ന് മൂന്ന് കുടുംബങ്ങൾ വീടൊഴിഞ്ഞു. ശൗചാലയങ്ങൾ വഴി വീടിനകത്തേക്ക്‌ മലിനജലമെത്തിയതോടെ ദുരിതത്തിലായ കുടുംബങ്ങളാണ് ബന്ധുവീടുകളിലേക്ക് താമസം മാറിയത്.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഹാർബറിൽ നിർമ്മിച്ച മത്സ്യത്തൊഴിലാളി ഭവനസമുച്ചയത്തിലെ കുടുംബങ്ങളാണ് മലിനജലംകൊണ്ട് ദുരിതമനുഭവിക്കുന്നത്. ശൗചാലയങ്ങളിൽ മലിനജലം കെട്ടിനിൽക്കുന്നതിനാൽ പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഴ ശക്തമായതോടെ മലിനജല ടാങ്കുകളിൽനിന്നുള്ള വെള്ളം ശൗചാലയങ്ങൾ വഴി തിരിച്ചെത്തുകയാണ്. ശൗചാലയങ്ങൾ നിറഞ്ഞ് വീടിനകത്തേക്കും മലിനജലമൊഴുകാൻ തുടങ്ങിയതോടെയാണ് മൂന്നുകുടുംബങ്ങൾ താമസം മാറ്റിയത്.

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതത്തിന് അറുതിവരുത്തുന്നതിനാണ് ‘പുനർഗേഹം’ പദ്ധതിപ്രകാരം ഭവനസമുച്ചയം നിർമ്മിച്ചത്. 104 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം വീടുകൾക്കുള്ളിലേക്ക്‌ എത്തും.

മലിനജലം ഒഴുക്കിക്കളയാനും സംസ്കരിക്കാനും സംവിധാനമില്ലാത്തതിനാൽ രോഗഭീതിയിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. ശൗചാലയമാലിന്യം സംഭരിക്കുന്ന ടാങ്ക് ചെറുതായതും ദുരിതത്തിനിടയാക്കുന്നുണ്ട്.
ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ ശൗചാലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്.

സ്വച്ഛ്ഭാരത് മിഷൻ, ഫിഷറീസ്, നഗരസഭ എന്നിവയുടെ ഫണ്ടുപയോഗിച്ച് മലിനജലസംസ്കരണ പ്ലാന്റ് നിർമിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ശുചിത്വമിഷൻ അധികൃതർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഫ്ലാറ്റ് നിർമാണത്തിലെ അപാകമാണ് മലിനജലപ്രശ്നത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഫ്ലാറ്റ് നിർമ്മിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണിവർ. ബയോഡൈജസ്റ്റർ ടാങ്ക് സ്ഥാപിച്ച് മലിനജലപ്രശ്നത്തിന് താത്കാലിക പരിഹാരം കാണുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും അതും നടപ്പായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button