സിനിമ തിയറ്ററുകളിൽ 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാം; മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ സിനിമ തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സിനിമ തിയറ്ററുകളിൽ ഇനി മുതൽ 100 ശതമാനം സീറ്റുകളിലും കാണികൾക്ക് പ്രവേശനാനുമതി ലഭിക്കും.
കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല, തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി), മാസ്ക് നിര്‍ബന്ധം, തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം. കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കണം, രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ തുടങ്ങിയവയാണ് പ്രധാന മാർഗ നിർദ്ദേശങ്ങൾ.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇതോടെ കൊറോണ വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിലെ തിയറ്ററുകളിൽ 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ഉടൻ അനുമതി ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.
അണ്‍ലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ 50 ശതമാനം കാണികളെ മാത്രമാണ് തിയറ്ററുകളിൽ അനുവദിച്ചിരുന്നത്. ഇതിനിടെ തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇത് തടഞ്ഞിരുന്നു.