KERALA

സിനിമയിൽ തർക്കം രൂക്ഷം; സമരം തീരുമാനിച്ചത് ഒറ്റക്കല്ല, സംഘടനകൾ കൂട്ടമായി,ആന്റണി പെരുമ്പാവൂരിനെതിരെ സുരേഷ്കുമാർ


മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ രം​ഗത്തെത്തി. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.

ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിയ്ക്കാൻ അല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം. ഇപ്പോഴിതാ സുരേഷ് കുമാറിനെതിരെ വന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്‍റണി പെരുമ്പാവൂര്‍. എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശനസ്വരത്തോടെ സംസാരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ആന്‍റണിയുടെ സുദീര്‍ഘമായ കുറിപ്പ്.

“ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.”

“എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്”, ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button