ഹോട്ടലില്‍ പോയത് മറ്റൊരാളെത്തേടി; ഷൈൻ ചാടിയോടിയത് എന്തിനെന്ന് അറിയില്ല, കേസില്ല, വിളിപ്പിക്കും- പോലീസ്
കൊച്ചി: പോലീസ് പരിശോധനയ്ക്കെത്തിയതറിഞ്ഞ് ഹോട്ടലില്‍നിന്ന് നടൻ ഷൈൻ ടോം ചാക്കോ ചാടി കടന്നു കളഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പോലീസ്.
പോലീസിന്റെ ഡാൻസാഫ് സംഘം ഷൈനിനെ തേടിയല്ല ഹോട്ടലില്‍ പോയതെന്നും മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും നാർക്കോട്ടിക്സ് എസിപി അബ്ദുള്‍ സലാം പറഞ്ഞു.
‘ഷൈനിനെ തേടിയല്ല പോലീസ് അവിടെ എത്തിയത്. ഈ സമയം ഷൈൻ ഹോട്ടലില്‍ റൂമെടുത്തിട്ടുണ്ടെന്ന് യാശ്ചികമായി അറിഞ്ഞു. അപ്പോള്‍ റൂം പരിശോധിച്ചു. ഷൈൻ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. റൂം പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്താലെ എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് വ്യക്തമാകൂ’ എസിപി പറഞ്ഞു.
ഷൈനിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തുടർനടപടികള്‍ പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചെടുക്കും. വിൻസിയുടെ മൊഴിയെടുക്കേണ്ട കാര്യമില്ലെന്നും എസിപി കൂട്ടിച്ചേർത്തു. ഇതിനിടെ ചോദ്യം ചെയ്യലിനായി ഷൈനിന് നോട്ടീസ് അയക്കാനും കൊച്ചി പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്നാണ് ഷൈൻ ചാടി കടന്നുകളഞ്ഞത്. നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിലെ മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയില്‍ പോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ചാടുകയായിരുന്നു. ഇവിടെനിന്ന് സ്റ്റെയർകെയ്സ് വഴി ഹോട്ടല്‍ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തൊപ്പിവെച്ചായിരുന്നു പുറത്തേക്ക് ഓടിയത്. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഹോട്ടലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വില്‍പ്പനക്കാരനായ ഒരാള്‍ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ബുധനാഴ്ച രാത്രി 10.40-ഓടെ പോലീസ് സംഘം ഹോട്ടലിലെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയുടെ ബെല്‍ അടിച്ചപ്പോള്‍ തുറന്നത് മേക്കപ്പ്മാനായ മുർഷിദാണ്. അനന്തകൃഷ്ണൻ എന്നൊരാളും മുറിയിലുണ്ടായിരുന്നു. ഷൈൻ ഉണ്ടായിരുന്നുവെന്ന് ഇവർ സമ്മതിച്ചു.
ഡോർ ലെൻസിലൂടെയാണ് പോലീസിന്റെ സാന്നിധ്യം ഷൈൻ മനസ്സിലാക്കിയതെന്ന് പോലീസ് പറയുന്നു.