Thiruvananthapuram

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; വീണാവിജയനെ അറസ്റ്റ് ചെയ്‌തേക്കില്ല

തിരുവനന്തപുരം: സിഎംആർഎല്‍ – എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയനെ അറസ്റ്റ് ചെയ്‌തേക്കില്ല.

അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

നേരത്തേ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലും വീണാവിജയനെ പ്രതിചേർത്തിട്ടുണ്ട്. ഇന്നലെയാണ് എസ്‌എഫ്‌ഐഒ എറണാകുളം ജില്ലാ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക. എസ്‌എഫ്‌ഐഒ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതാണോ എന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക. കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണാവിജയനുള്‍പ്പെടെയുള്ളവർ നിയമപരമായി പ്രതിചേർക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുക. അതിന് ശേഷമേ വിചാരണ നേരിടേണ്ടതുള്ളു.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്ബനിയായ എക്‌സാലോജിക് സിഎംആർഎല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയത്. വീണയെ കൂടാതെ സിഎംആർഎല്‍ എംഡി ശശിധരൻ ക‌ർത്ത, സിഎംആർഎല്ലിലെ മറ്റ് ചില ഉദ്യോഗസ്ഥർ, സിഎംആർഎല്‍, എക്‌സാലോജിക് കമ്ബനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിഎംആർഎല്ലിന്റെ സാമ്ബത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്ബനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരൻ കർത്തയുടെ മരുമകൻ അനില്‍ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button