KERALA

സഹതാപം വേണ്ട; അനധികൃത കടന്നുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ അധികൃതമായി കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുകയാണ് ചിലര്‍, എന്നാല്‍ ആരോടും സഹതാപം കാണിക്കേണ്ടതില്ലെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയുമായി ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ബാബുവും കൂട്ടരും നിയമലംഘനമാണ് നടത്തിയിട്ടുള്ളതെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രത്യേക മാനസികാവസ്ഥ കൂടി കണക്കിലെടുത്ത് കൂടുതല്‍ ഉപദ്രവിക്കരുതെന്ന നിഗമനത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ അതിനെ മറയാക്കി ഒന്നില്‍ കൂടുതല്‍ ആളുകള്‍ മല കയറുകയും നിയമലംഘനവും നടത്തുന്നുണ്ടെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാബുവിന്റെ ആനുകൂല്യത്തിന്റെ മറവില്‍ മറ്റുള്ളവര്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ തന്റെ മകന് ഇളവ് നല്‍കേണ്ടതില്ലെന്ന ബാബുവിന്റെ അമ്മയെ ഉദ്ധരിച്ചായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം.കളക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫോറസ്റ്റ് , ഉദ്യോഗസ്ഥനെ ഏകോപിപ്പിച്ച് സമിതി രൂപീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം രാത്രിയും ചെറാട് മലയില്‍ അനധികൃതമായി ആളുകള്‍ കയറിയിരുന്നു. ഇന്നലെ ആറ് മണിയോടെയാണ് രാധാകൃഷ്ണന്‍ എന്നയാള്‍ മല കയറിയത്. ടോര്‍ച്ച് ലൈറ്റ് കണ്ട് നാട്ടുകാരാണ് ആദ്യം ഇക്കാര്യം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ ചികിത്സിലാണ്. ഇയാള്‍ മാനസികാസ്ഥാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button