സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന്ന് ഉയർന്നത് ₹ 680

സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ പ്രവൃത്തി ദിവസങ്ങളിലും വിലയില്‍ മുന്നേറ്റമായിരുന്നു. ഇതിന്റെ തുടര്‍ച്ച സെപ്തംബറിലേക്കും കടക്കുന്നു എന്നാണ് മനസിലാകുന്നത്. വരും ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതയാണ് കാണുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണവില വലിയ തോതില്‍ ഇവിടെ കൂടാന്‍ കാരണം. രാജ്യാന്തര തലത്തിലും സ്വര്‍ണവില കുതിക്കുകയാണ്.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 9705 രൂപയായി. ഈ സ്വര്‍ണം ഒരു പവന് 680 രൂപ വര്‍ധിച്ച് 77640 രൂപയിലെത്തി. രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഒരു ഗ്രാമിന് 2 രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. വെള്ളി വിലയിലെ റെക്കോര്‍ഡാണിത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 7970 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 63790 രൂപയായി. ഈ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്. കൂടാതെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും വരും. അങ്ങനെ നോക്കുമ്പോള്‍ ഒരു പവന് ഏറ്റവും ചുരുങ്ങിയത് 70000 രൂപ കടക്കും. 22 കാരറ്റ് ആഭരണങ്ങള്‍ക്ക് 85000 രൂപയ്ക്ക് മുകളിലും ചെലവ് വരും.
രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3474 ഡോളറാണ്. രാജ്യാന്തര വിപണി വില, മുംബൈ വിപണി വില, രൂപ-ഡോളര്‍ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. ഇന്ന് ഡോളര്‍ സൂചിക 97.70 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 88.22 ആയി ഇടിഞ്ഞിട്ടുണ്ട്.
