KERALA

സന്തോഷ്‌ ട്രോഫി: കഴിഞ്ഞ രണ്ട്‌ കളികളിലും മികച്ച വിജയം നേടിയ കേരളം ഇന്ന് മേഘാലയക്ക് മുന്നിൽ വിയർത്തു

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ നിറഞ്ഞ സമനില. ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ മേഘാലയ കേരളത്തെ സമനിലയില്‍ തളച്ചു.

2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ജിജോ നഷ്ടമാക്കിയ പെനാള്‍ട്ടി കേരളത്തിന് തിരിച്ചടിയായി. ഇന്ന് ഒരു മാറ്റവുമായി ഇറങ്ങിയ കേരളത്തിന് പെട്ടെന്ന് തന്നെ ലീഡ് എടുക്കാനായി. 17ആം മിനുട്ടില്‍ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍‌. വലതു വിങ്ങിലൂടെ ഡ്രിബിള്‍ ചെയ്ത് കയറി ക്രോസ് നല്‍കിയ നിജോ ഗില്‍ബേര്‍ട് സഫ്നാദിനെ കണ്ടെത്തി. ഫസ്റ്റ് ടച്ച്‌ ഫിനിഷില്‍ കേരളത്തെ മുന്നില്‍ എത്തിച്ചു.

ഇതിനു ശേഷം 28ആം മിനുട്ടില്‍ സമാനമായ നീക്കത്തില്‍ സോയല്‍ ജോഷില്‍ വലര്‍ഹു വിങ്ങില്‍ നിന്ന് വിക്നേഷിനെ കണ്ടെത്തുകയും വിക്നേഷ് ഗോള്‍ നേടുകയും ചെയ്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

പിന്നാലെ റാഷിദ് മധ്യനിരയില്‍ നിന്ന് ഒരു ലോബ് പാസിലൂടെ നിജോ ഗില്‍ബേര്‍ടിനെ കണ്ടെത്തി. ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടില്‍ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുള്‍ ലെങ്ത് ഡൈവിലൂടെ മിഥുന്‍ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടില്‍ കൈന്‍സൈബോര്‍ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി. സ്കോര്‍ 1-1. കളി ഇതേ സ്കോറില്‍ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ കേരളത്തിന് ലീഡ് എടുക്കാന്‍ അവസരം വന്നു. 49ആം മിനുട്ടില്‍ ജെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടി പക്ഷെ ക്യാപ്റ്റന്‍ ജിജോ ജോസഫിന് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയി. ജിജോയുടെ പെനാള്‍ട്ടി ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

ഈ അവസരം നഷ്ടപ്പെടുത്തിയതിന് കേരളം വലിയ വില കൊടുക്കേണ്ടി വന്നു. 55ആം മിനുട്ടില്‍ മഞ്ചേരിയെ നിശബ്ദരാക്കി കൊണ്ട് മേഘാലയയുടെ രണ്ടാം ഗോള്‍. ഒരു കോര്‍ണറില്‍ നിന്ന് ഫിഗോ ആണ് മേഘാലയ്ക്ക് ലീഡ് നല്‍കിയത്.

ആ ലീഡ് മൂന്ന് മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ. കേരളം പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. ഇടതു വിങ്ങില്‍ ലഭിച്ച ഒരു ഫ്രീകിക് അര്‍ജുന്‍ ജയരാജ് ബോക്സിലെക്ക് എത്തിച്ചു. ബോക്സില്‍ വെച്ച്‌ ഇടതു വിങ് ബാക്കായ ഷഹീഫ് ആ പന്ത് വലയില്‍ എത്തിച്ച്‌ കേരളത്തിന് സമനില നല്‍കി. സ്കോര്‍ 2-2.

കേരളം വിജയം ലക്ഷ്യമാക്കി കൂടുതല്‍ അറ്റാക്ക് നടത്തിയപ്പോള്‍ മേഘാലയ കൗണ്ടറുകള്‍ക്ക് ആയി കാത്തു നിന്നു. 89ആം മിനുട്ടില്‍ കേരളത്തിന്റെ ഒരു ഗോള്‍ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും തിരിച്ചടിയായി. പിന്നാലെ 90ആം മിനുട്ടില്‍ ജിജോയുടെ ഒരു ഗോളെന്ന് ഉറച്ച ഷോട്ട് മേഘാലയ കീപ്പര്‍ തടയുകയും ചെയ്തു.

ഇരു ടീമുകളും അവസാനം വരെ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും കളി സമനിലയില്‍ അവസാനിച്ചു. 3 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുകയാണ്. മേഘാലയക്ക് 2 മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button