സംസ്ഥാന ഹൈവെയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയ്ക്ക് പുരാവസ്തു വകുപ്പ് സംരക്ഷണ കവചം തീർത്തു
പട്ടാമ്പി:പൊതുമരാമത്ത് വകുപ്പിൻ്റെ സഹകരണത്തോടെയാണ് താൽക്കാലിക സുരക്ഷയ്ക്കായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡരികിലായതിനാൽ ചരിത്ര സ്മാരകത്തിന് സുരക്ഷാ ഭീഷണി നിലനിന്നിരുന്നു. ഭാരമേറിയ ടോറസുകളും കണ്ടൈനറുകളും കടന്നു പോകുന്ന നിരത്തിൽ പലവട്ടം ചരക്കു വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ഇതിനെത്തുടർന്ന് സ്തൂപത്തിന്റെ മുകൾ ഭാഗത്ത് കരിങ്കൽ ശില്പം അടർന്നു വീണിരുന്നു. ക്രാഷ് ബാരിയർ
സ്ഥാപിച്ചതോടെ അപകട ഭീഷണി
തൽക്കാലം ഒഴിവായിട്ടുണ്ട്.
2004 ജനവരിയിൽ ലാൻറ് റവന്യൂ കമ്മീഷണർ കട്ടിൽ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നുവെങ്കിലും ചരിത്ര സ്മാരകം സംരക്ഷിക്കാൻ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയ ശേഷം ഒരു ബോർഡ് വെച്ചതല്ലാതെ പുരാവസ്തു വകുപ്പുകാരും സംരക്ഷണ പരിചരണ നടപടികൾ സ്വീകരിക്കാൻ വിമുഖരായിരുന്നു.
ജൈന സംസ്കൃതി തുളുമ്പുന്ന കട്ടിൽമാടം കോട്ട അനാഥാവസ്ഥയിലാണെന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ചതുരാകൃതിയിലുള്ള ഈ കരിങ്കൽ ശില്പം കരവിരുതിന്റേയും നിർമ്മാണ വൈദഗ്ദ്യത്തിന്റേയും സമ്മോഹന സ്മാരകമാണ്. ദക്ഷിണേന്ത്യ മുഴുവൻ നൂറ്റാണ്ടുകളോളം ബുദ്ധ- ജൈനമതങ്ങളുടെ സ്വാധീനതയിലായിരുന്ന കാലത്ത് നിർമ്മിച്ചതാണിത്. കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമാണ് കാണുന്നതെന്ന് ചരിത്ര ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്.
ജൈന – ബുദ്ധമത ആസ്ഥാനങ്ങളോട് ബന്ധപ്പെട്ടാണ് ‘കട്ടിൽ ‘
എന്ന പദം പ്രയോഗിച്ചിരുന്നതെന്ന് ചരിത്ര ഗവേഷകനായിരുന്ന ഡോ.എൻ.എം.നമ്പൂതിരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗോപുര സ്തംഭം, വാതായന സ്ഥാനം എന്നീ അർത്ഥങ്ങളാണ് കട്ടിൽ എന്ന വാക്കിന് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.
കണ്ണിന് കൗതുകം പകർന്നു നൽകുന്നതും ചരിത്രാന്വേഷികളെ ആകർഷിക്കുന്നതുമായ ഈ കരിങ്കൽ ശില്പത്തിന്റെ നിർമ്മിതിക്ക് പിന്നിൽ ജൈനരാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
കാലപ്പഴക്കത്താൽ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിട്ടില്ല. റോഡിനോട് ചേർന്ന ഭാഗത്ത് ഈയിടെ വാഹനം വന്നിടിച്ചതിനാൽ നാശം സംഭവിച്ചിട്ടുണ്ട്.
ഈ അപൂർവ്വ കരിങ്കൽ ശില്പം കൃത്യമായി പരിചരിക്കാനും, ശാശ്വതമായി സംരക്ഷിക്കാനും പൂർവ്വ ചരിത്ര സ്മൃതി സംബന്ധിച്ച് സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാനും സംവിധാനം ഒരുക്കേണ്ടതാണ്.