KERALA

സംസ്ഥാന സർക്കാരിന്റെ കെ- ഫോൺ പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ ഉൾപ്പെട്ടത് മലപ്പുറത്ത്

മലപ്പുറം: കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് കണ‌ക്ഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ കെ- ഫോൺ പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ ഉൾപ്പെട്ടത് മലപ്പുറത്ത്. സംസ്ഥാനത്ത് ഇതുവരെ നൽകിയ ഹോം കണക്ഷനുകളിൽ 25 ശതമാനത്തോളം മലപ്പുറത്താണ്. ജില്ലയിൽ ഇതുവരെ 11,572 വീടുകളിൽ കണക്ഷൻ നൽകി. ഇതിൽ 754 എണ്ണം സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന ബി.പി.എൽ കണക്ഷനുകളാണ്. മലപ്പുറത്തിന്റെ പകുതി കണക്ഷനുകൾ മാത്രമാണ് തൊട്ടുപിന്നിലുള്ള കോട്ടയം, പാലക്കാട് ജില്ലകളിലുള്ളത്. ഏറ്റവും പിന്നിലുള്ള കാസർകോട് 400 ഓളം കണക്ഷനുകളാണ്. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കെ-ഫോൺ ഫൈബർ കേബിളുകൾ വിന്യസിക്കാൻ കഴിഞ്ഞതാണ് ജില്ലയ്ക്ക് നേട്ടമായത്. കഴിഞ്ഞ മാർച്ച് മുതൽ കൊമേഴ്സ്യൽ കണക്ഷനുകളും നൽകുന്നുണ്ട്. ഇതുവരെ 271 കണക്ഷനുകൾ നൽകി.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 3,512 സർക്കാർ സ്ഥാപനങ്ങളുണ്ട്. ഇതിൽ 2,910 സ്ഥാപനങ്ങൾക്ക് കണക്ഷനുകൾ നൽകി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി 602 കണക്ഷനുകൾ നൽകാനായിട്ടില്ല. ഒരുനിയോജക മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 1,400 ബി.പി.എൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകേണ്ടതുണ്ട്. നിലവിൽ 754 കണക്ഷനുകളെ നൽകാനായിട്ടുള്ളൂ. വൈകാതെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ കുടുംബങ്ങൾക്കും കണക്ഷൻ നൽകുമെന്നാണ് കെ-ഫോൺ അധികൃതരുടെ വാദം.

മലപ്പുറം മുണ്ടുപറമ്പിലെ കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷനാണ് പ്രധാന കൺട്രോളിംഗ് കേന്ദ്രം (കോർ പോപ്). ഇവിടെ നിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണക്ഷൻ നൽകിയത്. ഒ.പി.ജി.ഡബ്ല്യു കേബിളുകൾ വഴി ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. 35 ഇടങ്ങളിൽ സെർവറുകളും സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button