KERALA

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തലസ്ഥാനത്തെ ഏഴ് ദിവസം നീണ്ട ആഘോഷത്തിൽ 33 വേദികളിലായി കലാപരിപാടികളും അരങ്ങേറും.സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതോടെ ഏഴു ദിവസം നീണ്ട ഓണപൂരത്തിനാണ് തലസ്ഥാന നഗരം കാഴ്ചയാവുന്നത്. വൈകുന്നേരം 6 30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ്നടൻ ജയം രവി തുടങ്ങിയവർ മുഖ്യാതിഥികളാകും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എംപി, എംഎൽഎമാർ, മേയർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.തിരുവനന്തപുരത്ത് 33 വേദികളിലായി നടക്കുന്ന ഓണാഘോഷത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. 10000 ത്തോളം കലാകാരന്മാർ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുക്കും. പാരമ്പര്യ കലാകാരന്മാരും പങ്കെടുക്കും. ഘോഷയാത്രയിൽ 165 പ്ലോട്ടുകൾ ഉണ്ടാകും. അയ്യായിരം കാണികൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിഐപി പവലിയനും ഒരുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി 10 രാജ്യങ്ങളിൽ നിന്ന് വിദേശ സഞ്ചാരികളും അതിഥികളായി പങ്കെടുക്കും.ഓണാഘോഷത്തിന് സർക്കാർ 11. 49 കോടി രൂപയാണ് അനുവദിച്ചത്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തും. മുന്‍ വര്‍ഷങ്ങളേക്കാള്‍ ആകര്‍ഷകവും വിപുലവുമായിട്ടാണ് ഇക്കുറി ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്‌. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. സെപ്റ്റംബർ 9 ന് വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേഖർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആഘോഷ പരിപാടികൾക്ക് സമാപനമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button