എടപ്പാൾ: സംസ്ഥാന പാതയിൽ പന്താവൂരിൽ ലോറിക്ക് പിറകിൽ ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്. ബസ് യാത്രികരായ ആളുകൾക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച പുലർച്ചെ 3.30തോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ എറണാകുളം തൃപ്പൂണിത്തുറ സ്വദേശികളായ സുന്ദര മണി (59) സെബി(59) സ്വാതി(23), ഇഷാൻ (14) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോയിരുന്ന ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ട ചരക്കലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. റോഡിലെ വെളിച്ചക്കുറവാണോ അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ചങ്ങരംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.