പൊടിപൊടിച്ച് വാണിയംകുളം പെരുന്നാൾ കന്നുകാലിച്ചന്ത ; വ്യാഴാഴ്ച നടന്നത് 15 കോടിയുടെ കച്ചവടം

ഒറ്റപ്പാലം: സംസ്ഥാനത്തെ വലിയ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിൽ പൊടിപൊടിച്ച് പെരുന്നാൾ കച്ചവടം. 15 കോടിരൂപയുടെ കച്ചവടമാണ് വ്യാഴാഴ്ച വാണിയംകുളം ചന്തയിൽ മൊത്തമായി നടന്നതെന്ന് കച്ചവടക്കാർ പറയുന്നു.
മേയ് ഒന്നിനോ രണ്ടിനോ പെരുന്നാൾ ആകുമെന്നിരിക്കേയാണ് വ്യാഴാഴ്ച ചന്ത സജീവമായത്. രണ്ടുവർഷമായി കോവിഡ് തീർത്ത പ്രതിസന്ധികളിൽ തകർന്നുപോയിരുന്ന കന്നുകാലി വ്യാപാരികൾക്ക് ഇത്തവണത്തെ കച്ചവടം ആശ്വാസമായി.
രണ്ടുവർഷത്തിനിടെ ഏറ്റവുംകൂടുതൽ കച്ചവടം നടന്നതും വ്യാഴാഴ്ചയാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തവണ കന്നുകാലികളെത്തിയത്. ഈ സംസ്ഥാനങ്ങളിൽനിന്നായി 53 ലോഡ് കന്നുകാലികൾ ചന്തയിലിറങ്ങി.
സാധാരണയായി ചന്തയിൽ അഞ്ചുകോടി രൂപവരെയുള്ള കച്ചവടമാണുണ്ടാവാറുള്ളത്. പെരുന്നാൾ കാലത്ത് പത്തുകോടി രൂപയോളം കച്ചവടമുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ 15 കോടി രൂപയോളമായി. കൂടുതലും മലബാർ മേഖലയിലേക്കാണ് കച്ചവടം നടന്നത്.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളതിനുപുറമേ നാടൻ കന്നുകാലികളും ചന്തയിൽ ഇത്തവണയുണ്ടായിരുന്നു. സാധാരണ ചെറിയ കന്നുകാലികളാണ് വിൽപ്പനക്കെത്താറുള്ളത്. എന്നാൽ പെരുന്നാൾച്ചന്തയിൽ വലിയ കന്നുകാലികളാണ് കൂടുതലായും വിൽപ്പനക്കെത്തിയത്. ഇതോടെ എണ്ണം കുറഞ്ഞെങ്കിലും കച്ചവടത്തുക ഉയർന്നുവെന്നും കച്ചവടക്കാർ പറയുന്നു.
കോവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന കന്നുകാലികളുടെ വരവിൽ കുറവുണ്ടായിരുന്നു. ഒരുവർഷത്തിലേറെ ചന്ത അടച്ചിടുന്ന സാഹചര്യവും വ്യാപാരികളെ കഷ്ടത്തിലാക്കിയിരുന്നു. കച്ചവടം കുതിച്ചെങ്കിലും ചന്തയിൽ അടിസ്ഥാനസൗകര്യങ്ങൾ കുറഞ്ഞുപോയത് നടത്തിപ്പിന് ബുദ്ധിമുട്ടായതായി കച്ചവടക്കാർ പറഞ്ഞു.
