സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാർഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച തുറക്കുന്നത്. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. ക്ലാസുകളുടെ സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്കു ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദ്യാഭ്യാസ മന്ത്രി യോഗം ചേരും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.