സംസ്ഥാനത്ത് മഴ കനക്കുന്നു; പലയിടത്തും നാശനഷ്ടം.
സംസ്ഥനത്ത് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.
മഴ തുടരുന്നുണ്ടെങ്കിലും പ്രളയ സാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മിഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പുഴകളിൽ ജലനിരപ്പ് കുറയുന്നു. 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്താൽ അപകടനില ഉണ്ടാകുമെന്നും മുന്നറയിപ്പുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതോടെ കളക്ടർ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ കൺട്രോൾ റൂം തുറന്നു: 0495 2371002, ടോൾ ഫ്രീ നമ്പർ: 1077, കൊയിലാണ്ടി: 0496 2620235, വടകര: 0496 2522361, താമരശേരി: 0495 2223088
കോഴിക്കോട് താലൂക്കിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയിൽ വീടിനുമുകളിൽ മതിൽ ഇടിഞ്ഞുവീണു. മിഠായിത്തെരുവിലെ കടകളിൽ വെള്ളം കയറി. കോഴിക്കോട് കോർപറേഷൻ 11 സ്‌ക്വാഡുകളെ രൂപീകരിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിലും മഴയിൽ തകർന്നു. കനോലി കനാൽ കരകവിഞ്ഞു. സരോവരം പാർക്കിലേക്കും വെള്ളം കയറി.
തൃശൂർ മലക്കപ്പാറ റോഡ് അടച്ചു. ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0480 2705800, 8848357472.
മലപ്പുറം താനൂർ നടക്കാവിൽ വീടുകളിൽ വെള്ളം കയറി. താനൂർ കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ബദർ പള്ളിക്ക് സമീപമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. താനൂർ ദയ ആശുപത്രിയിലും വെള്ളം കയറി. ആശുപത്രിയിൽ നിന്ന് രോഗികളെ മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അറബികടലിൽ രൂപംകൊണ്ട ചക്രവാതചുഴി അടുത്ത രണ്ടുദിവസം കൂടി നിലനിൽക്കും. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളയോടെ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുന്നതോടെ സംസ്ഥാനത്ത് 16 വരെ മഴ തുടരും. നാളെ തെക്കൻ കേരളത്തിൽ ഗ്രീൻ അലർട്ടും മധ്യകേരളത്തിൽ ഓറഞ്ച് അലർട്ട് വടക്കൻ കേരളത്തിൽ യെല്ലോ അലർട്ടുമാണ്.