മാനിനെ വേട്ടയാടി ഇറച്ചി കടത്തി; സീനിയര്‍ സിവില്‍ പോലീസ് ഓഫീസറടക്കം നാലുപേര്‍ കീഴടങ്ങി.

നെന്മാറ: നെല്ലിയാമ്പതി റേഞ്ച് പോത്തുണ്ടി തളിപ്പാടത്ത് മാനിനെ വേട്ടയാടി ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. നിലമ്പൂർ കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് ഷാഫി (43), ഉമ്മർ (44), സഹദ് (34), ജംഷീർ (29) എന്നിവരാണ് നാലുമാസത്തിനു ശേഷം നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസിന് മുന്നിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.
കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. കഴിഞ്ഞ ജൂൺ 10-നാണ് സംഭവം. മാനിനെ വേട്ടയാടി തലയും തോലും ഉപേക്ഷിച്ച് ഇറച്ചി കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസിനെ കൂടാതെ പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷ്, ബി. സജയകുമാർ, സി. രഞ്ജിത്ത്, ബി.ആർ. രഞ്ജിത്ത്, എം. മനു, വി. ഉണ്ണിക്കൃഷ്ണൻ, കെ.എ. മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
