തട്ടിയത് 100 കോടി; ‘പയ്യൻസിന്റെ’ ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ


തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ യുവാവിനെതിരെ കേസ്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാൽ കേസെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. ഒടുവിൽ തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിൻറെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിൻറെ വാഗ്ദാനം. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ചോദിച്ചപ്പോൾ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്.
