Local newsPATTAMBI

സംസ്ഥാനത്തെ മികച്ച കർഷകനുള്ള കൈരളി ടിവി കതിർ പുരസ്ക്കാരം പട്ടാമ്പി സ്വദേശി എം ബ്രഹ്മദത്തന്

സംസ്ഥാനത്തെ മികച്ച കർഷകനുള്ള കൈരളി ടിവി കതിർ പുരസ്ക്കാരം പട്ടാമ്പി സ്വദേശി എം ബ്രഹ്മദത്തന്. സുഹൃത്തുക്കള്‍ എല്ലാം വൈറ്റ് കോളര്‍ ജോലികള്‍ തേടിപോയപ്പോള്‍ ബ്രഹ്മദത്തന്‍ വെല്ലുവിളികള്‍ ഏറെയുളള കൃഷിയെ ജീവിതവൃത്തിയായി തെരഞ്ഞെടുത്ത ബ്രഹ്മദത്തൻ, വെച്ചൂർ പശുവിനെ സാർവത്രിമാക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ചു. രാസകീടനാശിനികൾ പ്രയോഗിക്കാതെയുള്ള കൃഷിരീതിയും ബ്രഹ്മദത്തൻ എന്ന കർഷകനെ ശ്രദ്ധേയമാക്കി.

മലബാര്‍ കലാപ നായകന്‍ മോ‍ഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്‍റെ പേരക്കുട്ടിയാണ് എം ബ്രഹ്മദത്തൻ. ആദ്യകാലത്ത് താല്പര്യം പൊതു പ്രവര്‍ത്തനത്തിലായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും ശാസ്ത്രസാഹിത്യപരിഷത്തിലും സജീവമായി. ട്രാവലിംഗ് രംഗത്ത് കുറച്ചുകാലം പ്രവര്‍ത്തിച്ചു. 25 വയസ്സ് മുതല്‍ സമ്പൂർണ കര്‍ഷകന്‍. പരമ്പരാഗത നെല്‍വിത്തായ ചിറ്റിയാനിയും സങ്കരയിനമായ പൊന്‍ണിയും ബ്രഹ്മദത്തന്‍റെ പാടങ്ങളില്‍ വിളഞ്ഞു. രാസകീടനാശിനികള്‍ ഇന്നേവരെ പാടത്ത് പരീക്ഷിച്ചിട്ടില്ല.
1997ല്‍ വെച്ചൂര്‍ പശുവിന്‍റെ സെറം വിദേശത്തേയ്ക്ക് കടത്തിയെന്ന വിവാദം കേരള കാര്‍ഷിക രംഗത്ത് കത്തിപ്പടര്‍ന്നു. സത്യമന്വേഷിച്ച് നടത്തിയ യാത്രയാണ് ബ്രഹ്മദത്തനെ ക്ഷീരകര്‍ഷകനാക്കിയത്. വെച്ചൂര്‍ പശുവിനെ വ്യക്തികള്‍ക്ക് കൈമാറില്ലെന്ന് പറഞ്ഞ് മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല വാതിലുകള്‍ കൊട്ടിയടച്ചു. എന്നാൽ ബ്രഹ്മദത്തന്‍ തളര്‍ന്നില്ല

പശുവിനെതേടി ബ്രഹ്മദത്തന്‍ കോട്ടയം ജില്ലയിലെ വെച്ചൂരിലെത്തി. അവിടെ നിന്ന് വാങ്ങിയ വെച്ചൂര്‍ പശുവിനെ പട്ടാമ്പിയിലെ വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തി. കാലം പിന്നിട്ടപ്പോള്‍ ബ്രഹ്മദത്തന്‍റെ തൊ‍ഴുത്തില്‍ പെറ്റുപെരുകി വളര്‍ന്നത് എണ്‍പതോളം വെച്ചൂര്‍ പശുക്കള്‍. വെച്ചൂര്‍ പശുവിന് തീറ്റയും വെളളവും നന്നേ കുറച്ച് മതി. കൊടും ചൂടിനെ അതിജീവിക്കും . പരിപാലന ചെലവ് കുറവാണ്. കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം. ബ്രഹ്മദത്തന്‍ വെച്ചൂര്‍ പശുക്കളെ മറ്റ് കര്‍ഷകര്‍ക്ക് കൈമാറി.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുളള എല്ലാ ജില്ലകളിലും ബ്രഹ്മദത്തന്‍റെ വെച്ചൂര്‍ പശുക്കളെത്തി. ഒരു ഗവേഷണവസ്തുവായിരുന്ന വെച്ചൂര്‍ പശുവിനെ കേരളത്തില്‍ ജനകീയമാക്കി ഈ അതുല്യ സേവനം കണക്കിലെടുത്ത് 2010ല്‍ ദേശീയ ബയോ ഡൈവേ‍ഴ്സ്റ്റി ബോര്‍ഡ് 2010ല്‍ ബ്രീഡ് സേവ്യര്‍ പുരസ്കാരം ബ്രഹ്മദത്തന് നല്‍കി.
നെല്‍കൃഷി ഇപ്പോ‍ഴുമുണ്ട് വന്യജീവി അക്രമണമാണ് പ്രധാനവെല്ലുവിളി നേരത്തെ നാണ്യവിളകള്‍ കൃഷിചെയ്തിരുന്ന ബ്രഹ്മദത്തന്‍ ഇപ്പോള്‍ ഔഷധകൃഷിക്കാണ് ഊന്നല്‍ നല്‍കുന്നത്. 11 ഏക്കറുളള കൃഷിഭീമിയില്‍ ഒരു ഭാഗം വനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. കൃഷിക്കാവശ്യമായ ജൈവവളം സ്വയം തയ്യാറാക്കുന്നു. കൃഷിയ്ക്ക് ശേഷം ലഭിക്കുന്ന സമയം ബ്രഹ്മദത്തന്‍ ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കും. പ്രതീക്ഷാ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ചെയര്‍മാനാണ്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയ്ക്കായി ഏ‍ഴര സെന്‍റും എക്സ് സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന് ഓഫീസ് തുടങ്ങാനായി 10 സെന്‍റും സ്ഥലം വിട്ടുകൊടുത്തു.

അധ്യാപികയായ പി ടി മഞ്ജുവാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ശ്രീദേവിയും നേത്രനാരായണനുമാണ് മക്കള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button