സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരാണെന്ന് നാളെ അറിയാം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യകോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം നാളെ ചേരും. നാളെ രാവിലെ 11ന് പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചേക്കും.
വി വൈത്തിലിംഗം, മല്ലികാർജുന ഖാർഗെ എന്നിവരാണ് ഹൈക്കമാൻഡ് പ്രതിനിധികളായി നാളത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. ഇരുവരും സംസ്ഥാനത്തെ ഓരോ എംഎൽഎമാരുമായി ഒറ്റയ്ക്ക് ചർച്ച നടത്തിയ ശേഷമാകും യോഗത്തിന് പ്രവേശിക്കുക എന്നാണ് വിവരം. ഇതോടൊപ്പം ദേശീയ നേതൃത്വത്തിൻറെ നിലപാട് ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ അറിയിക്കും.
അതിന് ശേഷമാകും പുതിയ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുക.ഒരുപക്ഷെ സമവായത്തിൽ എത്തിയില്ലായെങ്കിൽ പ്രഖ്യാപനം വൈകാനും ഇടയുണ്ട്. രമേശ് ചെന്നിത്തല വീണ്ടും തുടർന്നില്ലായെങ്കിൽ വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ പേരുകളാണ് കൂടുതല്‍ ഉയരുന്നത്.
