KERALA

സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തു.

കൊച്ചി: പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകൻ സനല്‍കുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.നേരത്തേയും ഈ നടിയുടെ പരാതിയില്‍ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ല്‍ നടി സനല്‍ കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ സനലിന് ജാമ്യം അനുവദിച്ചത്. 2019 ആഗസ്റ്റ് മുതല്‍ സനല്‍കുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.

ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാർ ശശിധരനെതിരെയുണ്ട്. ഇതില്‍ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനല്‍കുമാർ ശശിധരന് മേല്‍ ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button