സംപ്രേഷണ വിലക്ക്; മീഡിയവൺ ഹരജി വിധി പറയാൻ മാറ്റി

സംപ്രേഷണം വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. കേന്ദ്രം നടത്തിയത് മൗലികാവാകാശ ലംഘനമെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ വാദിച്ചു. മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ആയിരുന്നു മീഡിയവണ്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 10 വർഷത്തിനിടെ ഒരു നിയമവിരുദ്ധപ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ചാനലിന് വേണ്ടി ഹാജരായ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ഹൈക്കോടതിയെ ബോധിപ്പിച്ചു. പ്രോഗ്രാമിലെന്തങ്കിലും പ്രശ്നമുണ്ടങ്കിൽ അത് ചൂണ്ടി കാണിക്കണം, ലൈസൻസ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദവെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മീഡിയവണിൻ്റെ വിലക്കിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു
മീഡിയവണ്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദങ്ങള്‍
സെപ്തംബറില്‍ തീരുന്ന ലൈസന്‍സിന് മെയില്‍ തന്നെ അപേക്ഷിച്ചിരുന്നു. എന്നിട്ടും ഇതുവരെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം കമ്പനിയെ അറിയിച്ചില്ല. ഭരണാഘടനാപരമായ പ്രശ്നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്നും മൗലികാവകാശ ലംഘനമാണ് കേന്ദ്രം നടത്തിയതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ചാനലിന്‍റെ ഉള്ളടക്കത്തില്‍ കുഴപ്പമുണ്ടെങ്കില്‍ ടെലികാസ്റ്റിംഗ് നിർത്തലാക്കാം. എന്നാല്‍ ചാനല്‍ ആരംഭിച്ച് 10 വർഷത്തിനിടയില്‍ അങ്ങനെയൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അഞ്ച് മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമേ ബ്രോഡ്കാസ്റ്റിംഗ് റദ്ദാക്കാന്‍ നിയമമുള്ളൂവെന്നും മീഡിയവണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്‍റെ എല്ലാ നടപടികളും ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാണ്. ദേശസുരക്ഷയുടെ പേരു പറഞ്ഞുകൊണ്ട് മാത്രം ജുഡീഷ്യല്‍ പരിശോധന ഇല്ലാതാക്കരുത്. ഇന്ത്യന്‍ എക്സ്പ്രസ് കേസില്‍ സുപ്രിം കോടതി ഇക്കാര്യം പറഞ്ഞതാണെന്നും മീഡിയവണിവ് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. ലൈസന്‍സിന് അപേക്ഷിച്ചിട്ട് ആറ് മാസമായിട്ടും ലൈസന്‍സ് തരുന്നില്ല. എന്തെങ്കിലും തെറ്റായ നടപടി ചാനലിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കില്‍ ഇതിന് മുമ്പുതന്നെ ലൈസന്‍സ് റദ്ദാക്കാമായിരുന്നില്ലേ…?. അങ്ങനെ ഒരു വാണിംഗും മീഡിയവണിന് കിട്ടിയിട്ടില്ല. പിന്നെന്താണ് ലൈസന്‍സ് പുതുക്കാന്‍ തടസ്സം. എന്താണ് ഇന്‍റലിജന്‍സ് ഇന്‍പുട്ടെന്ന് നടപടി നേരിടുന്നു മീഡിയവണിനെ അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ എന്തിനും ഉള്ള ലൈസന്‍സല്ലെന്ന് സുപ്രിം കോടതി പെഗാസസ് കേസില്‍ വിധിച്ചതാണ്.
