POLITICS

സംഘ്പരിവാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയപ്പെടുത്താൻ ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണം’ – വെൽഫെയർ പാർട്ടി

‘സംഘ്പരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും’

തിരുവനന്തപുരം: കേരളത്തിലെ പ്രബലമായ രണ്ട് മതനിരപേക്ഷ ചേരിയെയും തകർത്ത് അധികാരം പിടിക്കാനുള്ള സംഘ്പരിവാർ കുതന്ത്രം തകർക്കാൻ വേണ്ടിയാകണം കേരളം വിധിയെഴുതേണ്ടതെന്ന് വെൽഫെയർ പാർട്ടി. കേരളത്തിൽ ഒരു കക്ഷി മാത്രം എന്ന സ്ഥിതിയിലേക്ക് എത്തിക്കുകയും ഭാവിയിൽ ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്യുക എന്ന ദീർഘകാല പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തെ അധികാരത്തിൽ നിലനിർത്തി അനുകൂല സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി വോട്ടർമാർ പരാജയപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിച്ച 10 വർഷമാണ് പിന്നിടുന്നത്. സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷമാണ് 10 വർഷത്തെ ഇടതു ഭരണത്തിലൂടെ രൂപപ്പെട്ടത്. കേരളത്തിൻ്റെ സാമൂഹിക ഘടനയും രണ്ട് മതനിരപേക്ഷ മുന്നണികളുടെ സാന്നിധ്യവുമാണ് കേരളത്തിൽ സംഘപരിവാറിന്റെ രാഷ്ട്രീയ സ്വാധീനത്തെ തടയുന്ന സുപ്രധാന പ്രതിരോധങ്ങൾ. ഈ രണ്ടു പ്രത്യേകതകളെയും തകർക്കുവാനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷമായി കേരളത്തിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ ഐക്യം തകർക്കുക, ഹിന്ദു മത വിശ്വാസികൾക്കിടയിൽ മുസ് ലിം ഭയം സൃഷ്ടിക്കുക, വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സംഘപരിവാർ അനുകൂലികളെ ഇതിനായി നിയോഗിക്കുക പോലുള്ള പരിപാടികളാണ് സംഘ്പരിവാർ നടത്തിയത്. ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിലെ ഇടതു സർക്കാർ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഇടതുപക്ഷത്തിന് അധികാരത്തുടർച്ച നൽകി യുഡിഎഫിനെ ഇല്ലാതാക്കാനും ഭരണത്തുടർച്ച ലഭിച്ച മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്ന തകർച്ചയെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാന രാഷ്ട്രീയ ചേരിയായി മാറാനുമാണ് സംഘപരിവാർ നീക്കം. ഇതിന്റെ താത്കാലിക ഗുണഭോക്താവാകാമെന്ന് ഇടതുപക്ഷം കരുതുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി ഈ തന്ത്രം നടപ്പാക്കിയിരുന്നുവെന്ന് കണക്കുകളിൽനിന്ന് വ്യക്തമാകും. 2021-ൽ ബിജെപിക്ക് അസാധാരണമായി വോട്ട് കുറഞ്ഞു. ആ വോട്ടുകളുടെ കൂടി പിൻബലത്തിലാണ് ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. വരുന്ന തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം തന്നെ സ്വീകരിക്കും എന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് അടക്കമുള്ള നേതാക്കളും അവരെ പിന്തുണക്കുന്ന ആത്മീയ നേതാക്കളും ഇതിനകം പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം ഈ നീക്കത്തിന് തെളിവാണ്.

മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ, സംഘപരിവാർ നടത്തിയ നുണപ്രചരണങ്ങളെ തടയാതിരുന്നതും വിദ്വേഷ പ്രചാരകരെ ചേർത്തുനിർത്തിയതും മുസ്‌ലിം ഭീതി വളർത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തതുമെല്ലാം അധികാര തുടർച്ചക്ക് വേണ്ടിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. പിണറായി സർക്കാറിൻ്റെ പോലീസ് നയത്തിന്റെ ഗുണഭോക്താവ് സംഘപരിവാർ മാത്രമായിരുന്നു. ഇടതുപക്ഷം രൂപപ്പെടുത്തിയ വിദ്വേഷ പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാറും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നത്.

ഈ സാഹചര്യത്തിൽ ഒരിക്കൽ കൂടി ഇടതുപക്ഷത്തിന് അധികാരം ലഭിച്ചാൽ സംഘപരിവാറിന് കേരളത്തിൻ്റെ സാമൂഹിക മണ്ഡലം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കാനുള്ള അവസരമാകും തുറന്നു കിട്ടുക. ആ നിലക്ക് ഇടതു ഭരണത്തിന്റെ തുടർച്ച സംഘപരിവാറിന്റെ ആഗ്രഹമാണ്. രാജ്യം മുഴുവൻ സംഘപരിവാറിന് വിധേയപ്പെട്ടപ്പോഴും ചെറുത്തുനിന്ന കേരളത്തിൻ്റെ പ്രതിരോധത്തെ തന്ത്രപരമായി ഇല്ലാതാക്കാൻ ഇടതുപക്ഷത്തെ ഉപയോഗപ്പെടുത്തുന്ന സംഘപരിവാർ പദ്ധതി ഒരു കാരണവശാലും കേരളത്തിൽ വിജയിക്കാൻ പാടില്ല. ഈ താൽപര്യം മുൻനിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മറ്റൊരു മതേതര മുന്നണിയായ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

അതോടൊപ്പം സംഘപരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും. സംഘപരിവാർ വിജയത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ത ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വൈസ് പ്രസിഡന്റ് കെ.എ ഷഫീക്ക് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button