ഷൈൻ ടോമിനോട് എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്, 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയാര്‍; ഉത്തരം പറയാൻ നടന് ‘ട്യൂഷൻ’
കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോർത്ത് പൊലീസ് തയാറാക്കിയത്.
ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഉത്തരം നല്കാൻ ഷൈനിന് ‘ട്യൂഷൻ’
പൊലീസ് ചോദ്യം ചെയ്യല്‍ നേരിടാൻ അഭിഭാഷകരുടെ സഹായം തേടി നടൻ ഷൈൻ ടോം ചാക്കോ. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ഷൈൻ ഫോണില്‍ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്നമില്ലെന്നാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ഇന്ന് ഹാജരായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഷൈനും കുടുംബത്തിനുമുണ്ട്.