ഷാരോൺ വധക്കേസിന് സമാനം, ആൺ സുഹൃത്തിനെ വിഷം കൊടുത്തു കൊന്നെന്ന് സമ്മതിച്ച് യുവതി; കൊലക്കുറ്റം ചുമത്തി

കോതമംഗലം: എറണാകുളം കോതമംഗലത്ത് ആൺ സുഹൃത്തിനെ വിഷം കൊടുത്തു കൊന്ന കേസിൽ യുവതി അറസ്റ്റിൽ. കോതമംഗലം ചേലാട് സ്വദേശിനി അദീനയാണ് അറസ്റ്റിൽ ആയത്. അൻസിലിന് കളനാശിനി കൊടുത്തെന്ന് അദീന കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മാതിരപ്പിള്ളി സ്വദേശിയായ അൻസിലാണ് വിഷമുള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചത്. യുവാവിനെ ഒഴിവാക്കാൻ അദീന ആസൂത്രിതമായി കളനാശിനി നൽകി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷാരോൺ വധക്കേസിന് സമാനമായ കൊലപാതകമാണ് കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയിൽ മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ അലിയാർ എന്ന 38 വയസുകാരനെ ബുധനാഴ്ച പുലർച്ചയാണ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അൻസിൽ പോലീസിനോടും ബന്ധുക്കളോടും പെൺ സുഹൃത്ത് വിഷം നൽകിയെന്ന് പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന അൻസിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മരിച്ചത്. പെൺ സുഹൃത്ത് അദീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂര കൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ വിഷം നൽകുകയായിരുന്നു എന്ന് അദീന സമ്മതിച്ചു.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ അൻസിൽ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തുമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ അൻസിലിനെ ഒഴിവാക്കാൻ അദീന തീരുമാനിക്കുകയായിരുന്നു.
വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലക്കി നൽകുകയായിരുന്നു. അദീനക്കെതിരെ ആദ്യം വധശ്രമത്തിന് കേസെടുത്തെങ്കിലും അൻസിലിന്റെ മരണത്തോടെ കൊലപാതക കുറ്റം ചുമത്തി. ചേലാട് കടയിൽ നിന്ന് കളനാശിനി വാങ്ങിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
