KERALA

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണം, പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ   ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്.

കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button