ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഒരുക്കങ്ങളായി
എടപ്പാൾ: 15 ദിവസത്തെ ഉത്സവപരിപാടികൾക്ക് അന്തിമരൂപമായി. ജനുവരി അഞ്ചിന് ദീപാരാധനയ്ക്കുശേഷം കലാമണ്ഡലം സുരേഷ് കാളിയത്തിന്റെ ഓട്ടൻതുള്ളൽ. തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പി. ശ്രീധരൻ നമ്പൂതിരി, ദേവദാസൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉത്സവക്കൊടിയേറ്റം നടക്കും.
തുടർന്ന് പഞ്ചവാദ്യം, ഇരട്ടത്തായമ്പക, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, എഴുന്നള്ളിപ്പ്, മേളം, ചുറ്റുവിളക്ക് എന്നിവ നടക്കും.
10-ന് ദിൽരാജ്, റിജോയ് ജോൺസൺ എന്നിവർ നയിക്കുന്ന സംഗീതനിശയും രാമായണംകഥ കൂത്തുമാടത്തിൽ അവതരിപ്പിക്കുന്ന പാവക്കൂത്തും നടക്കും.
തുടർദിവസങ്ങളിൽ നാദസ്വരം, പഞ്ചാരിമേളം അരങ്ങേറ്റം, നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, കൊച്ചിൻ മൻസൂരിന്റെ ഗാനമേള, നാടൻ കലാരൂപങ്ങൾ, യോഗപ്രദർശനം, താലം വരവ്, അക്ഷരശ്ലോകസദസ്സ് തുടങ്ങിയ പരിപാടികൾ വിവിധ കൂത്തുത്സവങ്ങളുടെ ഭാഗമായി നടക്കും.
ജനുവരി 15-ന് രാവിലെ ഉഷഃപൂജ, ഗണപതിഹോമം എന്നിവയ്ക്കു ശേഷം ഒൻപതിന് ഓട്ടൻതുള്ളൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിന് നാദസ്വരം, മൂന്ന് ആന, പഞ്ചവാദ്യം, ശുകപുരം രാമകൃഷ്ണൻ, ശുകപുരം രാധാകൃഷ്ണൻ എന്നിവരുടെ മേളം എന്നിവ നടക്കും.
തുടർന്ന് നാടിന്റെ വിവിധ ഭാഗങ്ങിൽനിന്നായി പൂതൻ, തിറ, കരിങ്കാളി, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ വരവുകൾ നടക്കും.
കുളങ്കര വെടിക്കെട്ട്, ടീം നടുവട്ടം എന്നീ കമ്മിറ്റികളുടെ വെടിക്കെട്ട് നടക്കും.
രാത്രി അത്താളൂർ ശിവൻ, ദിലീപ് ശുകപുരം എന്നിവരുടെ ഇരട്ടത്തായമ്പകയുണ്ടാകും.
11-ന് തിരുവനന്തപുരം ജോസ്കോയുടെ ഗാനമേള, തുടർന്ന് പാതിരാതാലം, ഇടയ്ക്ക കൊട്ടി പ്രദക്ഷിണം എന്നിവയോടെ താലപ്പൊലിക്ക് തിരശ്ശീല വീഴും.