ശക്തമായ മഴയിൽ ചാലിയാർ നിറഞ്ഞൊഴുകി; മുണ്ടേരിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
എടക്കര : ശക്തമായ മഴയെ തുടർന്ന് ചാലിയാർ നിറഞ്ഞതോടെ മുണ്ടേരിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഇന്നേക്ക് 4 ദിവസമാവുകയാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ചാലിയാറിൽ വെള്ളം ഉയർന്നു തുടങ്ങിയത്. അന്നു വൈകിട്ട് വരെ ചങ്ങാടം ഉപയോഗിച്ച് യാത്ര ചെയ്തിരുന്നു. ചാലിയാറിനക്കരെ വനത്തിനുള്ളിലെ ഇരുട്ടുക്കുത്തി, വണിയംപ്പുഴ, തരിപ്പപ്പാട്ടി, കുമ്പളപ്പാറ എന്നീ കോളനികളിലായുള്ള നൂറ്റിയൻപതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. വാണിയംപുഴ സ്‌റ്റേഷനിലെ വനപാലകരും ഒറ്റപ്പെട്ടു കഴിയുകയാണ്. മഴ ഇനിയും ശക്തിപ്രാപിച്ചാൽ കുടുതൽ ദിവസം ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കില്ല. ഇങ്ങനെ വന്നാൻ അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഇല്ലാത്ത സാഹചര്യം വരും. കഴിഞ്ഞ വർഷങ്ങളിൽ ഇതേ സ്ഥിതിയുണ്ടായാപ്പോൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ബോട്ടിലാണ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകിയത്.
2019 ലെ പ്രളയത്തിൽ ചാലിയാറിന്റെ ഇരുട്ടുകുത്തിക്കടവിലുണ്ടായിരുന്ന പാലം ഒലിച്ചുപോയതോടെണ് ദുരിതം തുടങ്ങിയത്. മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.