വർണാഭമായ പരിപാടികളോടെ ദേശീയ സമ്മതിദായക ദിനാചരണം ആചരിച്ചു
ദേശീയ സമ്മതിദായക ദിനാചരണം ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മലപ്പുറം വാരിയൻ കുന്നത്ത് ഹാജി ടൗൺ ഹാളിൽ നടന്ന സമാപന പൊതുസമ്മേളം ജില്ലാ കളക്ടർ വി. ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.
ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമ്മതിദായക പ്രതിജ്ഞയോടെയാണ് ജില്ലാതല്ല ആഘോഷപരിപാടികൾ തുടങ്ങിയത്. സമാപന ചടങ്ങിൽ മുഖ്യാതിഥിയായ ദ്രോണാചാര്യ അവാർഡ് ജേതാവ് എസ്. മുരളീധരനെ ജില്ലാകളക്ടർ ആദരിച്ചു. സമ്മതിദായക ദിനാചരണത്തിന് മുന്നോടിയായി ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗവും ഇലക്ട്രൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിന്റെ സമാപനമായി മെഴുകുതിരി വെട്ടത്തിൽ റാലിയും സംഘടിപ്പിച്ചു.
ചടങ്ങിൽ എ ഡി എം മെഹറലി എൻ.എം അധ്യക്ഷനായിരുന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ പി. എം. സനീറ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സരിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, സീനിയർ സുപ്രണ്ട് അൻസു ബാബു, ഹുസൂർ ശിരസ്തദാർ എ. ആർ.നന്ദഗോപൻ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ അവതരിച്ച വിവിധ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
ദിനാചരണത്തിന് മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറെക്കര അഴിമുഖം ബീച്ചിൽ പ്രശസ്ത ശില്പി ഷിബു വെട്ടം മണൽ ശില്പവും ഒരുക്കിയിരുന്നു.