വ്യാജ വരുമാന സർട്ടിഫിക്കറ്റ്: യുവാവ് അറസ്റ്റിൽ
എരമംഗലം : പെൻഷൻ ആനുകൂല്യങ്ങൾക്കായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ കേസിൽ യുവാവ് അറസ്റ്റിൽ. പാലപ്പെട്ടി പുതിയിരുത്തി അച്ചറിന്റകത്ത് അജ്മൽ ( 23) നെയാണ് പെൻഷൻ വാങ്ങാൻ ഗുണഭോക്താക്കൾക്ക് റവന്യു വകുപ്പിന്റെ വരുമാന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച കേസിൽ പെരുമ്പടപ്പ് സിഐ വി.എം.വിമോദ് അറസ്റ്റ് ചെയ്തത്. 2 ആഴ്ച മുൻപ് വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പെൻഷൻ അപേക്ഷയോടൊപ്പം ലഭിച്ച വരുമാന സർട്ടിഫിക്കറ്റുകൾ സംശയം തോന്നുകയായിരുന്നു.
തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ 9 വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അജ്മലാണ് സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തി. പുതിയിരുത്തിയിലെയും കുണ്ടുകടവിലെയും സ്ഥാപനങ്ങൾ വഴിയാണ് സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പെരുമ്പടപ്പ് പഞ്ചായത്തിലെ പെൻഷൻകാർക്ക് സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന്റെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.