വൈദ്യുതി കാലുകളും ജല വിതരണ പൈപ്പുകളും മാറ്റുന്നതിന് നടപടി
എടപ്പാൾ: ടൗണിൽ കുറ്റിപ്പുറം റോഡിലെ വൈദ്യുതി കാലുകളും ജല വിതരണ പൈപ്പുകളും മാറ്റുന്നതിന് നടപടിയായി. റോഡിലേക്ക് തള്ളി നിന്നിരുന്ന കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കിയതോടെ 3 വൈദ്യുതി കാലുകൾ ഗതാഗതത്തിന് തടസ്സമായി. ഇവ മാറ്റാൻ വൈദ്യുതി വകുപ്പ് ശ്രമം തുടങ്ങിയപ്പോഴാണ് മാറ്റി സ്ഥാപിക്കുന്ന സ്ഥലത്തിന് താഴെക്കൂടി ജല വിതരണ പൈപ്പുകൾ കടന്നു പോകുന്നത് വെല്ലുവിളി ഉയർത്തിയത്.
ഇതോടെ പൈപ്പുകൾ മാറ്റിയ ശേഷം മാത്രമേ വൈദ്യുതി തൂണുകൾ മാറ്റാൻ സാധിക്കൂ എന്ന സ്ഥിതിയായി. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഉയർന്ന തുക ആയതിനാൽ ഇത് അംഗീകരിക്കാൻ കാലതാമസം നേരിടും. തുടർന്ന് വൈദ്യുതി വകുപ്പും ജല അതോറിറ്റി അധികൃതരും കൂടി ആലോചിച്ച ശേഷം ഈ ഭാഗത്തുകൂടി മണ്ണിന് അടിയിലൂടെ കേബിൾ ലൈൻ വലിച്ച് വൈദ്യുതി കമ്പി കൊണ്ടുപോകാൻ ധാരണയായി. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. 2 ദിവസത്തിന് അകം ഇത് മാറ്റുന്നതോടെ ടാറിങ് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ